പ്രായത്തെ തോൽപിച്ച നിശ്ചയദാർഢ്യം!
text_fieldsമനാമ: ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് അബ്ദുൽ അസീസ്. ഒരുകാലത്ത് മനസ്സ് മടുത്ത് നിർത്തിപ്പോകേണ്ടി വന്ന ഡ്രൈവിങ് പഠനം 65ാം വയസ്സിൽ പൂർത്തീകരിച്ച് ലൈസൻസ് സ്വന്തമാക്കിയ ഇദ്ദേഹത്തിെൻറ മുഖത്ത് എവറസ്റ്റ് കീഴടക്കിയ സന്തോഷവും ആവേശവും. 1977ൽ 17ാം വയസ്സിൽ ബഹ്റൈനിൽ എത്തിയ കോഴിക്കോട് വടകര നാദാപുരം റോഡ് സ്വദേശിയായ അബ്ദുൽ അസീസ് 20 വർഷം മുമ്പാണ് ആദ്യമായി ഡ്രൈവിങ് പഠനത്തിനു ചേർന്നത്. യാത്രകൾക്ക് സ്ഥിരമായി ബസും ടാക്സിയും ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചത്. എന്നാൽ, പരിശീലനം നൽകുന്നയാൾ അൽപം മുൻകോപക്കാരനായിരുന്നു. ചെറിയ പിഴവുകൾക്ക് വല്ലാതെ ക്ഷുഭിതനായി. ഒടുവിൽ തനിക്കിത് പറ്റില്ലെന്ന് തോന്നിയപ്പോൾ അബ്ദുൽ അസീസ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അറാദിൽ കഫത്തീരിയ നടത്തുന്ന ഇദ്ദേഹം പിന്നീട് ബിസിനസ് കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഡ്രൈവിങ് പഠിക്കണമെന്ന മോഹം മാറ്റിവെക്കുകയും ചെയ്തു. നാട്ടിൽ പോകുേമ്പാഴെല്ലാം ഡ്രൈവിങ് അറിയാത്തതിെൻറ പ്രയാസം അലട്ടിയിരുന്നതായി അബ്ദുൽ അസീസ് പറഞ്ഞു. അടുത്ത ടൗണിൽ പോകണമെങ്കിൽ ബസ് അല്ലെങ്കിൽ ടാക്സിയായിരുന്നു ആശ്രയം. വീട്ടിലുള്ള കാർ ഒാടിക്കാൻ ഡ്രൈവറെ വിളിച്ചാൽ 500 മുതൽ 1000 രൂപ വരെ കൊടുക്കണം. പക്ഷേ, ആദ്യ പഠനസമയത്തെ തിക്താനുഭവം ഒാർമിക്കുേമ്പാൾ ഡ്രൈവിങ് പഠിക്കാനും തോന്നിയില്ല.
ബിസിനസിൽ ഒപ്പമുള്ള രണ്ടാമത്തെ മകൻ ഷമീമാണ് ഡ്രൈവിങ് മോഹത്തിന് വീണ്ടും തിരിതെളിച്ചതെന്ന് അബ്ദുൽ അസീസ് പറയുന്നു. ഒന്നുകൂടി ശ്രമിച്ചുനോക്കാൻ മകൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് രണ്ടാമതൊന്നുകൂടി പഠിക്കാൻ തീരുമാനിച്ചത്. ഇത്തവണ കിട്ടിയ പരിശീലകൻ എല്ലാ കാര്യങ്ങളും ക്ഷമയോടെയും കൃത്യമായും പഠിപ്പിച്ചുതന്നതായി അബ്ദുൽ അസീസ് പറഞ്ഞു. രണ്ട് മാസം കൊണ്ട് 34 ക്ലാസുകൾ പൂർത്തിയാക്കിയാണ് അസീസ് ടെസ്റ്റിന് പോയത്. ആദ്യ ശ്രമത്തിൽതന്നെ ഡ്രൈവിങ് ടെസ്റ്റ് പാസായ അസീസിനെ ടെസ്റ്റിന് വന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അഭിനന്ദിക്കുകയും ചെയ്തു. ഇനി നാട്ടിൽ ചെന്ന് കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് കൂടി എടുക്കാനാണ് ഇദ്ദേഹത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.