ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം ഫൈനൽ മേയ് ഒന്നിന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2024 ഫിനാലെ മേയ് ഒന്നിന് ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും.
കേരള നിയമസഭാംഗം പ്രമോദ് നാരായണൻ, ദേവ്ജി ഗ്രൂപ് ഓഫ് കമ്പനീസ് ജോയന്റ് മാനേജിങ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവർ മറ്റു അതിഥികളായിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുത്ത ഗ്രൂപ് ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം, മറ്റു കലാപരിപാടികൾ എന്നിവ പരിപാടി വർണാഭമാക്കും. വ്യക്തിഗത, ഗ്രൂപ് മത്സരങ്ങളുടെ സമ്മാനദാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയന്റുകൾ കരസ്ഥമാക്കുന്ന കുട്ടികൾക്കുള്ള കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, ഗ്രൂപ് ചാമ്പ്യൻഷിപ്പുകൾ, പ്രത്യേക ഗ്രൂപ് ചാമ്പ്യൻഷിപ്പുകൾ, നാട്യരത്ന, സംഗീതരത്ന, സാഹിത്യ രത്ന, കലാരത്ന തുടങ്ങി എല്ലാ ടൈറ്റിൽ അവാർഡുകളും അന്നേ ദിവസം സമ്മാനിക്കും.
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി വയസ്സിനനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 135ലധികം വ്യക്തിഗത ഇനങ്ങളും 15 ഗ്രൂപ് ഇനങ്ങളും ആണ് ഇത്തവണത്തെ കലോത്സവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.സി.സിയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം എന്ന് ഇതിനോടകം പേര് സമ്പാദിച്ച കലോത്സവം മാർച്ച് അവസാന വാരത്തിലാണ് ആരംഭിച്ചത്. വ്യക്തിഗത ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ് ഇനങ്ങളിലെ മത്സരങ്ങൾ ഈ മാസം 27ന് അവസാനിക്കും.
കലോത്സവ കൺവീനർ നൗഷാദ് ചേരിയിലിന്റെ നേതൃത്വത്തിൽ നൂറിലധികം വളന്റിയർമാരാണ് നടത്തിപ്പിനായി പ്രവർത്തിക്കുന്നത്. ബഹ്റൈനിൽ നിന്നുള്ള വിദഗ്ധരായ വിധികർത്താക്കളോടൊപ്പം ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ള, ഇന്ത്യയിൽനിന്ന് എത്തിച്ചേർന്ന ആറ് വിദഗ്ധ വിധികർത്താക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2024 ജനറൽ കൺവീനർ നൗഷാദ് ചേരിയിലിനെ 39777801 നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.