ദേവ്ജി-ബി.കെ.എസ്.ജി.സി.സി കലോത്സവം ഏപ്രിലിൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം വിദ്യാർഥികൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കുന്ന ദേവ്ജി -ബി.കെ.എസ്.ജി.സി.സി കലോത്സവം ഏപ്രിൽ ആദ്യവാരത്തിൽ ആരംഭിക്കും. കേരളത്തിലെ യുവജനോത്സവ മാതൃകയിൽ നടന്നുവരുന്ന ബഹ്റൈൻ കേരളീയ സമാജം ജി.സി.സി കലോത്സവം മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കലാ സാംസ്കാരിക മത്സരമായിരിക്കുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ദേവ്ജി ബി.കെ.എസ്.ജി.സി.സി കലോത്സവം ജനറൽ കൺവീനർ ബിനു വേലിയിൽ എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു. നൂറോളം വ്യക്തിഗത മത്സരങ്ങളും അറുപതിലധികം ഗ്രൂപ് മത്സരങ്ങളുമുള്ള കലോത്സവത്തിൽ ആയിരത്തോളം മത്സരാർഥികൾ പങ്കെടുക്കും.
ഗൾഫ് മേഖലയിലുള്ള വിവിധ രാജ്യങ്ങളിലെ ഏത് പൗരത്വത്തിലുള്ള കുട്ടികൾക്കും പങ്കെടുക്കാം. കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലപ്രതിഭ, നാട്യരത്ന, കലാരത്ന, സംഗീതരത്ന പട്ടങ്ങളും ഗ്രൂപ് മത്സരങ്ങൾക്ക് ഗ്രൂപ് ചാമ്പ്യൻഷിപ്പും നൽകും. ഇത്തവണ ജി.സി.സി.യിൽനിന്നുള്ള മത്സരാർഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പറഞ്ഞു. പുറത്തുനിന്ന് വരുന്ന മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും താമസ സൗകര്യവും ഭക്ഷണ സൗകര്യവും സമാജം സജ്ജീകരിക്കും. ഫെസ്റ്റിവൽ ഡയറക്ടറായി സൂര്യ കൃഷ്ണമൂർത്തി എത്തും. നൃത്ത, സംഗീത മത്സരങ്ങളും ഗ്രൂപ് ഇവൻറുകളും ഈദ് അവധി ദിനങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ബാലകലോത്സവ സംഘാടക സമിതി അറിയിച്ചു.
മത്സര വിവരങ്ങളും രജിസ്ട്രേഷനും ബഹ്റൈൻ കേരളീയ സമാജം വെബ്സൈറ്റിൽ https://www.bksbahrain.com/gcckalotsavam എന്ന വിലാസത്തിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ബിനു വേലിയിൽ 00973 39440530, ഫിറോസ് തിരുവത്ര 97333369895 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.