വ്യാജ സിഗരറ്റ് തടയാൻ 'ഡിജിറ്റൽ സ്റ്റാമ്പ്' പദ്ധതി
text_fieldsമനാമ: വ്യാജ ഉൽപന്നങ്ങൾ തടയുന്നതിെന്‍റ ഭാഗമായി തീരുവയുള്ള സാധനങ്ങളിൽ 'ഡിജിറ്റൽ സ്റ്റാമ്പ്' പദ്ധതിയുമായി നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ). ഉൽപാദന ഘട്ടം മുതൽ ഉപഭോഗം വരെയുള്ള ഉൽപന്നങ്ങളുടെ നീക്കം പരിശോധിക്കാൻ കഴിയുന്നതാണ് ഈ സംവിധാനമെന്ന് എൻ.ബി.ആർ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സിഗരറ്റ് ഉൽപന്നങ്ങളിലാണ് ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനം ആരംഭിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ ഡിജിറ്റൽ സ്റ്റാമ്പിലുള്ള സുരക്ഷാ സംവിധാനങ്ങളും കോഡുകളും വ്യാജ ഉൽപന്നങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ബഹ്‌റൈനിലേക്കുള്ള പ്രവേശന കേന്ദ്രങ്ങളിൽവെച്ച് ഉൽപന്നങ്ങളിലെ ഡിജിറ്റൽ സ്റ്റാമ്പ് സ്‌കാൻ ചെയ്‌താണ് ആധികാരികത ഉറപ്പാക്കുന്നത്.
വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവരും ഉൽപാദനം മുതൽ ഉൽപന്നങ്ങൾ ബഹ്റൈനിലെ പ്രാദേശിക വിപണിയിൽ വിൽപന നടത്തുന്നതുവരെയുള്ള വിതരണ ശൃംഗലയിൽപ്പെട്ടവരും ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് എൻ.ബി.ആർ അറിയിച്ചു.
മൂന്ന് ഘട്ടങ്ങളാണ് പദ്ധതിക്കുള്ളത്. എൻ.ബി.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നികുതി ദായകരിൽനിന്ന് മാർച്ച് 11 മുതൽ ഡിജിറ്റൽ സ്റ്റാമ്പ് ഓർഡറുകൾ സ്വീകരിച്ചതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടത്തിൽ കസ്റ്റംസ് ക്ലിയറൻസിന് ഡിജിറ്റൽ സ്റ്റാമ്പ് നിർബന്ധമാക്കും. ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത സിഗരറ്റ് ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണികളിൽ വിൽക്കുന്നത് തടയുന്നതാണ് അവസാന ഘട്ടം. അത്തരം ഉൽപന്നങ്ങൾ കണ്ടെത്തിയാൽ നശിപ്പിച്ചുകളയുന്നതിനോ ബഹ്റൈന് പുറത്തുള്ള വിപണികളിൽ വിൽപന നടത്തുന്നതിനോ തിരിച്ചയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.