ദിനേശ് കുറ്റിയിൽ അനുസ്മരണം നാളെ
text_fieldsമനാമ: അന്തരിച്ച നാടക പ്രവർത്തകൻ ദിനേശ് കുറ്റിയിലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ മലയാളി ഫോറം അനുസ്മരണം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടിന് ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റിലാണ് പരിപാടി. വില്യാപ്പള്ളി അമരാവതി സ്വദേശിയായ ദിനേശ് 1994 മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു. 27 വര്‍ഷമായി അമച്വര്‍ പ്രഫഷണല്‍ നാടകരംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായിരുന്ന അദ്ദേഹം സ്കൂള്‍ കലാമത്സരവേദികളിലൂടെ അരങ്ങിലെത്തിയ കലാകാരനാണ്.
ജയന് തിരുമനയുടെയും മനോജ് നാരായണന്റെയും സംവിധാന മികവില്‍ നിരവധി അമേച്വര്‍ നാടകങ്ങളിലൂടെ മത്സരരംഗത്ത് മികച്ച നടനെന്ന കഴിവുതെളിയിച്ച് പ്രഫഷണല്‍ നാടകരംഗത്ത് എത്തി വടകര സിന്ദൂര, കോഴിക്കോട് കലാഭവന്‍, കണ്ണൂര്‍ ഗാന്ധാര, കോഴിക്കോട് സോമ, കോഴിക്കോട് രംഗഭാഷ എന്നീ ട്രൂപ്പുകളില്‍ നിരവധി പ്രശസ്ത നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
തുടര്‍ന്ന് 12 വര്‍ഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതത്തിനിടയിലും നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.
പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരത്തില്‍ 3 തവണയും ജി.സി.സി റേഡിയോ നാടക മത്സരങ്ങളില്‍ 4 തവണയും മികച്ച നടനായിരുന്നു. അഞ്ചോളം ഷോട്ട് ഫിലിമുകളിലും ടി.വി. ചന്ദ്രന്റെ മോഹവലയം സിനിമയിലും അഭിനയിച്ചു. അമൃത ടിവിയിലെ ഒരു സീരിയലിലും 6 ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
കോവിഡ്-19 ജീവൻ കവർന്ന അതുല്യ കലാകാരനെ ഓർമിക്കാനും അനുസ്മരിക്കാനുമുള്ള ചടങ്ങിലേക്ക് എല്ലാ നാടകപ്രേമികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ബഹ്റൈൻ മലയാളി ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38880619 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.