ദീപാവലി ആഘോഷം; ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ച് കിരീടാവകാശി
text_fieldsമനാമ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രമുഖ ഇന്ത്യൻ ബിസിനസ് കുടുംബങ്ങളുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി. മുൽജിമൽ, കേവൽറാം, താക്കർ, കവലാനി കുടുംബങ്ങളെയാണ് അദ്ദേഹം സന്ദർശിച്ചത്. ഹമദ് രാജാവിന്റെ ദർശനങ്ങൾ രാജ്യത്തെ ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമാക്കി മാറ്റിയെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സാംസ്കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും സാംസ്കാരികപരവും മതപരവുമായ വ്യത്യസ്ത വിഭാഗങ്ങളോടുള്ള രാജ്യത്തിന്റെ വിശാലമായ സമീപനവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ ദീപാവലി ആഘോഷങ്ങൾ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലും സംരക്ഷിക്കുന്നതിലും രാജ്യത്തിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടി, ഇറ്റാലിയൻ അംബാസഡർ പൗള അമേഡ തുടങ്ങിയവരും ദീപാവലിയോടനുബന്ധിച്ച് കേവൽറാം ഗ്രൂപ്പിന്റെ വസതിയിൽ നടന്ന ആഘോഷങ്ങളിൽപങ്കെടുത്തു.
ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ശൈഖ് ഈ സ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഭാട്ടിയ, വൈദ്യ, നായർ, അസർപോട്ട കുടുംബങ്ങളെ സന്ദർശിക്കുകയും കിരീടാവകാശിയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. പ്രധാനമന്ത്രിയുടെയും ശൈഖ് ഈ സ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടേയും സന്ദർശനങ്ങൾക്ക് കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി. ബഹ്റൈൻ രാജ്യവും ജനങ്ങളും വീണ്ടും വീണ്ടും പുരോഗതിയിലേക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.