ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ്
text_fieldsഗാർഹിക തൊഴിലാളികൾക്ക് ഇപ്പോൾ ഇൻഷുറൻസ് ലഭിക്കുന്നുണ്ട് എന്ന് കേൾക്കുന്നത് ശരിയാണോ? എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക. ഈ ഇൻഷുറൻസ് ആരാണ് എടുക്കുന്നത്?
–ഒരു വായനക്കാരൻ
• കഴിഞ്ഞ വർഷം മുതൽ ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. ഒരു സ്വകാര്യ കമ്പനി മുഖേന നടപ്പാക്കുന്ന ഈ ഇൻഷുറൻസ് നിർബന്ധമല്ല. തൊഴിലുടമകൾക്ക് വേണമെങ്കിൽ അവരുടെ ഗാർഹിക തൊഴിലാളികളെ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാം. ഒരുവർഷത്തേക്കുള്ള പ്രീമിയം 40 ദിനാർ മുതൽ 120 ദിനാർ വരെയാണ്.
രണ്ടുവർഷത്തേക്ക് 60 മുതൽ 180 ദിനാർ വരെയും പ്രീമിയം വരുന്നുണ്ട്. ഒരു തൊഴിലാളി ജോലിക്ക് വരാതിരുന്നാൽ ലഭിക്കുന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രീമിയം തുകയിൽ വ്യത്യാസം വരുന്നത്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം ഒരുപോലെയാണ്. ഇൻഷുറൻസിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തൊഴിലുടമക്കാണ്. ഒരു തൊഴിലാളി മരണപ്പെട്ടാൽ അല്ലെങ്കിൽ അംഗവൈകല്യം സംഭവിച്ചാൽ തൊഴിലാളിയുടെ നിയമപരമായ അനന്തരാവകാശികൾക്ക് ചെറിയ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. തൊഴിലുടമയുടെ ചെലവ് കഴിഞ്ഞ് എന്തെങ്കിലും ബാക്കിയുണ്ടെങ്കിലാണ് ഇത് ലഭിക്കുന്നത്.
ഒരു തൊഴിലാളിയെ ജോലിക്ക് കൊണ്ടുവരുന്നതിനുള്ള ചെലവും തൊഴിലുടമക്ക് വരുന്ന മറ്റ് ചെലവുകളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്.
ഇൻഷുറൻസിൽനിന്ന് ലഭിക്കുന്ന
ആനുകൂല്യങ്ങൾ:
1. മരണം -3000 ദിനാർ
ഇതിൽനിന്ന് തൊഴിലുടമക്ക് ഒരു പുതിയ തൊഴിലാളിയെ കൊണ്ടുവരുന്നതിനുള്ള ചെലവ് ലഭിക്കും. ബാക്കി തുക എന്തെങ്കിലും ഉണ്ടെങ്കിൽ മരണപ്പെട്ട തൊഴിലാളിയുടെ അനന്തരാവകാശികൾക്ക് ലഭിക്കും.
2. അപകടം മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങൾ -1500 ദിനാർ.
ഇതിൽനിന്ന് തൊഴിലുടമക്ക് ഒരു പുതിയ തൊഴിലാളിയെ കൊണ്ടുവരുന്നതിനുള്ള ചെലവ് ലഭിക്കും. അംഗവൈകല്യം വന്ന തൊഴിലാളിയെ തിരികെവിടാനുള്ള ടിക്കറ്റ് തുക കഴിഞ്ഞ് ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ തൊഴിലാളിയുടെ അനന്തരാവകാശികൾക്ക് ലഭിക്കും.
3. മാരകമായ അസുഖങ്ങൾ -500 ദിനാർ. (അർബുദം, ഹൃദായാഘാതം, സ്ട്രോക് തുടങ്ങിയവ)
4. അപകടത്തെതുടർന്നുള്ള ചികിത്സ ചെലവ് -500 ദിനാർ
5. മൃതദേഹം നാട്ടിലേക്ക് അയക്കാൻ -1000 ദിനാർ
6. തൊഴിലാളി ജോലിക്ക് വരാതിരിക്കൽ. ഇതിൽ 500 ദിനാർ വരെ, 1000 ദിനാർ വരെ, 1500 ദിനാർ വരെ എന്നിങ്ങനെ മൂന്ന് രീതിയിലുള്ള ഇൻഷുറൻസുണ്ട്. പുതിയ ഒരു തൊഴിലാളിയെ കൊണ്ടുവരുന്നതിനുള്ള ചെലവാണ് ഇതിൽ ലഭിക്കുന്നത്. പുതിയ തൊഴിൽ വിസ എടുക്കുന്ന സമയത്തോ പുതുക്കുന്ന സമയത്തോ അല്ലെങ്കിൽ തൊഴിൽചെയ്യുന്ന സമയത്തോ ഈ ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് നൽകുന്നത് സോളിഡാരിറ്റി എന്ന ഇൻഷുറൻസ് കമ്പനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.