Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിൽക്കാനുണ്ട്...

വിൽക്കാനുണ്ട് സ്വപ്നങ്ങൾ

text_fields
bookmark_border
വിൽക്കാനുണ്ട് സ്വപ്നങ്ങൾ
cancel

അന്നും പതിവുപോലെ അവളുടെ വാട്സ്ആപ് സന്ദേശം വന്നതറിയിക്കുന്ന ഫോണിലെ റിങ്ടോൺ, സ്റ്റാഫ് മീറ്റിങ്ങിൽ ഇരിക്കവേ തുടരെ തുടരെ ശബ്ദിച്ചുകൊണ്ടേയിരുന്നു. മീറ്റിങ് റൂം ആയതിനാൽ ഭാഗ്യത്തിന് ഫോണുകളിൽ മാത്രമേ അത് ശബ്ദിച്ചുള്ളൂ.

എന്റെ ഓഫിസിൽ ആയിരുന്നെങ്കിൽ, അവൾ മിക്കപ്പോഴും ഫേസ്ബുക്ക് മെസെഞ്ചർ വഴിയാവും വിളിക്കാറ് -അപ്പോൾ ഫേസ്ബുക്ക് തുറന്നുവെച്ചിരിക്കുന്ന രണ്ടു ഫോണുകൾ, കമ്പ്യൂട്ടർ എന്നിവയിൽ എല്ലാം വാണിങ് ടോൺ വന്നു അലയടിച്ചുകൊണ്ടിരിക്കും. ഇടക്കൊക്കെ അത് അരോചകമായി തോന്നുമ്പോൾ ഞാൻ മനസ്സാ പറയുമായിരുന്നു; 'ഇവൾക്കൊക്കെ വേറെ പണിയൊന്നുമില്ലേ'യെന്ന്.

'ഗുരുനാഥൻ നിന്ന് പാത്തിയാൽ പിള്ളേര് നടന്നു പാത്തും' എന്ന പഴമൊഴി വളരെ ചെറുപ്പത്തിലേ തന്നെ അച്ഛനിൽനിന്നും കേട്ടു ശീലിച്ചിട്ടുള്ളതാണ്. അച്ഛൻ ഞങ്ങളുടെ വീട്ടിൽ പണിക്കുവരുന്ന ആശാരി, വേലി/മുള്ളുവെട്ടു പണിക്കാർ, പാടത്ത് പണിയുന്നവർ എന്നിവരുടെ കൂടെയെല്ലാംനിന്ന് അവർക്ക് രസകരമായ കഥകൾ പറഞ്ഞു കൊടുക്കുക പതിവായിരുന്നു.

പണിക്കാർ അവരുടെ ജോലിയിൽ എപ്പോഴും വ്യാപൃതരായിരിക്കുമെങ്കിലും മുതലാളിയായ അച്ഛനെ നീരസപ്പെടുത്താന്‍ പാടില്ലല്ലോ എന്നതിനാലും നല്ലോണം ചിരിക്കാൻ വകയുള്ള കഥകളുടെ കെട്ടുകളാണ് പലപ്പോഴും പൊട്ടിക്കാറ് എന്നതിനാലും അച്ഛൻ പറയുന്ന കഥകൾ കേൾക്കുമായിരുന്നു. ആ രസകരമായ കഥകളുടെ കെട്ട് ഇപ്പോൾ ഞാനും ഇവിടെ പൊട്ടിക്കുന്നില്ല. അന്നുകേട്ട, മുകളിൽ പറഞ്ഞ ആ പഴമൊഴി ഓർമവന്നതോണ്ട് മാത്രം ഇത്രയും പറഞ്ഞെന്നേയുള്ളൂ.

അവൾ നാട്ടിൽ ഒരു വലിയ എഴുത്തുകാരിയാണ് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അടുത്തുള്ള ഏതോ സ്കൂളിൽ സംഗീതം പഠിപ്പിക്കുന്ന ടീച്ചർ. അവൾ എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ കണ്ട്, അതിലൂടെ വിശദമായി സഞ്ചരിച്ച്, ഞാൻ ഒരു സീദാ-സാദാ ആദ്മി (ഇടക്കൊക്കെ അവൾ ഹിന്ദിയിലും സംവദിക്കും) ആണെന്ന് മനസ്സിലാക്കിയതിനാലാണ് എനിക്ക് ഫ്രണ്ട്-റിക്വസ്റ്റ് അയച്ചതും എന്നെ കൂട്ടാളിയാക്കിയതുമത്രേ! മാത്രമല്ല ഞാൻ മിക്കവാറും ദിവസേന പോസ്റ്റുന്ന നല്ല നല്ല സന്ദേശങ്ങൾ, വിവരദായകമായ പോസ്റ്റുകൾ, എന്റെ സ്വയം സൃഷ്ടികളായ ചെറിയ ചെറിയ അനുഭവ കഥകൾ, യാത്രാവിവരണങ്ങൾ, നുറുങ്ങു കവിതകൾ എന്നിവയൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു പോലും. എന്റെ ഫ്രണ്ട്സ് 5,000 കവിഞ്ഞതും അവൾക്ക് കൗതുകമായി. എനിക്ക് ഇനിയും ഒരുപാട് പേരെ ചേർക്കാനുണ്ടെന്നും, അവരെല്ലാം പുറത്തു കാത്തുനില്പ്പാണെന്നും കൂടെ കേട്ടപ്പോൾ അവൾ അന്തംവിട്ടുപോയി എന്നാണ് പറഞ്ഞത്!

ഒരിക്കൽ, ഒരു വെള്ളിയാഴ്ച (എന്റെ അവധിദിനം) എന്നെക്കുറിച്ച് കൂടുതൽ അറിയാനായി മണിക്കൂറുകൾ നീണ്ട ഫോൺവിളിയുണ്ടായി. ഞാൻ വളരെ പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽ പിറന്നവനാണെന്നും, ചെറുപ്പകാലം വളരെ കഷ്ട്ടപ്പെട്ടുവളർന്ന് ഒരു ബിരുദം നേടുകയും (കുടുംബത്തിലെ ആദ്യ ബിരുദം നേടുന്നവൻ) പിന്നീട് എന്തോ ഭാഗ്യംകൊണ്ട് ഗൾഫിൽ തരക്കേടില്ലാത്ത ജോലിയിൽ പ്രവേശിക്കുകയും, പിന്നീടങ്ങനെ വളർന്ന് ഒരു കമ്പനിയുടെ ഡയറക്ടർ തസ്തികയിൽ എത്തിപ്പെട്ട് താൻ തന്നെ വിചാരിക്കാത്ത ഉന്നത സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഒക്കെ കേട്ടപ്പോൾ അവൾ വിസ്മയിച്ചുപോയി. അവൾക്കേറ്റവും ഇഷ്ടപ്പെട്ട, സുകുമാരൻ അഭിനയിച്ച 'വില്ക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിലെ നായക കഥാപാത്രമായി എന്നെ കാണുന്നെന്ന് അവൾ പറയുകയുണ്ടായി.

അങ്ങനെ അവൾക്ക് എന്നോടുള്ള ഇഷ്ടം ഒരുപാട് കൂടി. അവൾ ഓരോ ചാറ്റുകളിലും വാട്സ്ആപ് കാളുകളിലും എന്നെ പലരീതിയിൽ പ്രലോഭിച്ചുകൊണ്ടേയിരുന്നു. കഴിയുമെങ്കിൽ ഒരു വിസിറ്റ് വിസ തരമാക്കി അവളെ ഗൾഫിൽ കൊണ്ടുവന്നു കാണിക്കാമോ എന്നുവരെ പറയുമായിരുന്നു. നീ എന്റെ കള്ളകൃഷ്ണനാണെന്ന് പറഞ്ഞ് എന്നെ കളിയാക്കാറും പതിവായിരുന്നു.

ഞാൻ ചോദിച്ചു: നിനക്കവിടെ നിന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവും ഒരു കുഞ്ഞുമോളും ഇല്ലേ? എന്നിട്ടും നീയിങ്ങനെ....?"

'അതൊക്കെയുണ്ട്, പക്ഷേ നന്ദുകുട്ടന്റെ സംസാര ചാതുര്യം, അണതീരാത്ത സ്നേഹം... അതൊന്നും എനിക്കു കിട്ടുന്നില്ല ഇവിടെ!' - അവൾ പറഞ്ഞുനിർത്തി. പിന്നീട് ഞാൻ ഒരിക്കൽ ചോദിച്ചു: 'നിനക്കെങ്ങനെ എന്നെപ്പറ്റി ഇത്രയും ഗാഢമായി അറിയാൻ കഴിഞ്ഞു?'

'എന്റെ നന്ദുകുട്ടാ, അതിനാണോ ഇപ്പോഴത്തെ കാലത്ത് പ്രയാസം? നിന്റെ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കിഡ് ഇൻ പ്രൊഫൈലും ഒക്കെയൊന്ന് കയറിയിറങ്ങിയാൽ പോരേ...കുട്ടാ' - അവളുടെ ഇത്രയും അടുപ്പത്തിലുള്ള വിളിയുമൊക്കെ എന്നെ അവളിലേക്ക് ഹഠാദാകർഷിക്കുകയായിരുന്നെന്നുപറഞ്ഞാൽ മതിയല്ലോ! ഞാൻ മനസ്സിലാക്കുമ്പോഴേക്കും വൈകി! എന്നെ അവൾ അത്രക്കും സ്നേഹിക്കുന്നതായി എന്റെ ഉപബോധമനസ്സ് മനസ്സിലാക്കി.

ഇനി നാട്ടിൽ വരുന്ന വേളയിൽ കേരളത്തിന്റെ ഏതാണ്ട് ഇങ്ങേ കോണിൽ കിടക്കുന്ന ഞാൻ എന്തായാലും തിരുവനന്തപുരത്തേക്കുവരണമെന്ന് അവൾ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല.

അവധിക്കു ചെന്നപ്പോൾ, വീട്ടിൽനിന്നും ഒരു ദിവസം, തിടുക്കത്തിൽ എങ്ങോട്ടുപോകുന്നു എന്ന ഭാര്യയുടെ ചോദ്യത്തിന്, തിരുവനന്തപുരത്തേക്കെന്നും അവിടെ ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞപ്പോൾ, പൊതുവേ ഇത്തരം പരിപാടികൾക്കൊന്നും വരാത്ത അവൾ ചിരിച്ചുകൊണ്ട് സമ്മതം തന്നുവിടുകയാണുണ്ടായത്.

തിരുവനന്തപുരം തീവണ്ടി സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾ അവൾ പ്ലാറ്റ്ഫോമിൽ തന്നെ നിൽപുണ്ടായിരുന്നു. ഒരു മാരുതി കാറിൽ എന്നെയും കൂട്ടി അവളുടെ വീട്ടിലേക്കു യാത്രയായി.

ഞാൻ ചോദിച്ചു, നിന്റെ വീട്ടിലേക്കാണോ കൊണ്ടുപോകുന്നത്?

'അതിനെന്താ?' ഹസ്ബൻഡ് ജോലിക്കും മോൾ സ്കൂളിലും പോയെന്നാണ് പറഞ്ഞത്. വീട്ടിലെത്തി, കാർ പാർക്ക് ചെയ്ത് അകത്തുപ്രവേശിച്ചു. വളരെ ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്ന സ്വീകരണമുറി. ടി.വി, ഗ്രാമഫോൺ എന്നിവയൊക്കെ ഉണ്ട്. ഗ്രാമഫോണിൽ ഇടക്കെല്ലാം പഴയ പാട്ടുകൾ ഇട്ടു കേൾക്കുമത്രേ. അവൾ ചായ ഉണ്ടാക്കട്ടെ എന്നുപറഞ്ഞ് അടുക്കളയിലേക്കു പോയി.

ഉടൻ അടുത്ത കിടപ്പുമുറിയിൽനിന്ന് 'ശാന്തേ നീ വന്നുവോ, കുടിക്കാൻ അല്പം വെള്ളം എടുത്തോണ്ട് വാ' എന്നൊരു പുരുഷശബ്ദം കേട്ടു. ഞാൻ കരുതി അവളുടെ അച്ഛനോ മറ്റോ വന്നിട്ടുണ്ടാകും, കിടക്കുകയാവും എന്ന്.

അവൾ ഉടനെ എന്നെയും അവരുടെ കിടപ്പുമുറിയിലേക്ക് വിളിച്ചു. എന്നിട്ട് അവൾ അയാളോട് പറഞ്ഞു: 'ചേട്ടാ ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട, സ്വപ്നങ്ങളിലെ രാജകുമാരൻ'. അയാൾ ആവേശത്തോടെ ചോദിച്ചു: 'ആര്, നിന്റെ നന്ദുവോ?'

അദ്ദേഹത്തെ ഞാനൊന്ന് സൂക്ഷിച്ചുനോക്കി. ഏതാണ്ട് അറിയാവുന്ന മുഖച്ഛായ! ഞാനും ആവേശത്തോടെ ചോദിച്ചു...'ഇത് ഞങ്ങളുടെ കോളജ് യുഗത്തിലെ ആവേശമായിരുന്ന മുരളി അല്ലേ?'

'അതേ...' അവൻ ഒന്നു വിരാമമിട്ടുകൊണ്ട് പറഞ്ഞു. 'എടാ നന്ദൂ, നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു എന്ന കാര്യവും, നമ്മൾ ഒരിക്കൽ ഒരു കോളജ് ഡേ ദിവസം പനങ്കള്ള് വാങ്ങിക്കുടിച്ച് ഛർദിച്ച് പരവശനായതും ഞാൻ ഇവളുമായി പങ്കുവെക്കുമായിരുന്നു. അവളാണ് നിന്നെ ഫേസ്ബുക്കിൽ കണ്ടെത്തി ചങ്ങാത്തം സ്ഥാപിച്ചതും, നിന്നെ ഇപ്പോൾ ഇവിടെ എത്തിച്ചതും.

ഇന്ന് എനിക്കു എഴുന്നേറ്റുനില്ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിൽ ആയിപ്പോയി! ഒരു പനി വന്നതാ.... അത് പിന്നെ നീണ്ടുനീണ്ടു തളർവാതവും ബി.പിയും പ്രമേഹവും...ഇപ്പോൾ കരളിനു കാൻസറും ഉണ്ടെന്നു ഡോക്ടർ വിധിയെഴുതി, മരണത്തെയും കാത്തുകഴിയുകയാ...'

നിന്നെ ഒന്ന് കാണുക എന്ന് മാത്രമായിരുന്നു എന്റെ അതിയായ മോഹം. കാരണം, നമ്മൾ കൂട്ടുകാര് ഒന്നിച്ചു പാലക്കാട് ന്യൂ തിയറ്ററിൽപോയി കണ്ട 'വില്ക്കാനുണ്ട് സ്വപ്നങ്ങളി'ലെ നായകനെപ്പോലെ ആയെന്നു ഞാൻ അറിഞ്ഞിരുന്നു. അന്ന് നമ്മൾ സഹപാഠികൾ പറഞ്ഞത് ഓർക്കുന്നില്ലേ? നമ്മളിൽ ആരെങ്കിലും സുകുമാരന്റെ റോളിൽ ജീവിതത്തിൽ ആയിത്തീർന്നുവെങ്കിൽ എന്ന്? ഒരു സിനിമാ കഥയിലെ ക്ലൈമാക്സ് രംഗം പോലെ.. ഞാൻ അവരോടുത്തു ആ ദിവസം മുഴുവനും ചെലവഴിച്ചു.

ഒപ്പം വീട്ടിൽ ഭാര്യയെ വിളിച്ച്, നടന്ന കഥകളെല്ലാം അവതരിപ്പിച്ചു. അവൾക്കും സന്തോഷമായി. മുരളിച്ചേട്ടനു കഴിയാവുന്ന സഹായങ്ങൾ ചെയ്തേച്ചേ തിരിച്ചുവരാവൂ എന്നും അവൾ ശട്ടം കെട്ടി. മുരളിയോടു ഞാൻ പറഞ്ഞു: 'ജീവിതം ഒന്നേയുള്ളൂ... പ്രതീക്ഷ ഒരിക്കലും കൈവിടാതിരിക്കുക... താൻ ജീവിതത്തിലേക്ക് തിരികെ വരും...എനിക്കു നല്ല പ്രതീക്ഷയുണ്ട്'. അവന്റെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു. അതിൽ ആശ നിഴലിച്ചിരുന്നു. ഞാൻ തിരിച്ച് എന്റെ നാട്ടിലേക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamstoryDreams
News Summary - Dreams for sale
Next Story