പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ്; സ്വാഗതം ചെയ്ത് പ്രവാസലോകം
text_fieldsമനാമ: പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകുമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് പ്രവാസികൾ എതിരേൽക്കുന്നത്. രാഷ്ട്രീയ ഭേദമന്യെ ഏതാണ്ടെല്ലാ സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ബഹ്റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തിൽ പങ്കെടുക്കവേയാണ് കേരള ഗതാഗത മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ലൈസൻസ് പരിഷ്കരണം കൊണ്ടുവരുമ്പോൾ താൻ ആദ്യം മുന്നോട്ടുവെച്ചത് ഒരു ദിവസം നാൽപത് ലൈസൻസ് നൽകുമ്പോൾ 25 എണ്ണം പുതിയ ആളുകൾക്കും പത്തെണ്ണം തോറ്റ ആളുകൾക്കും അഞ്ചെണ്ണം പ്രവാസികൾക്കുമായി മാറ്റിവെക്കണം എന്നാണെന്ന് മന്ത്രി പറഞ്ഞു. പ്രവാസികൾ വന്നില്ലെങ്കിൽ മാത്രം, ആ അവസരംകൂടി തോറ്റ ആളുകൾക്ക് കൊടുക്കാം എന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ ഏറെ പ്രയാസമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രവാസി സംഘടനകൾ മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. ലോക കേരള സഭയിലും ഇതേ ആവശ്യം വിവിധ സഭാംഗങ്ങൾ ഉന്നയിച്ചിരുന്നു. ദീർഘകാലമായി ലോകമാകമാനമുള്ള പ്രവാസികൾ നേരിടുന്ന പ്രശ്നത്തിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
പ്രവാസികൾ സാധാരണ ഒരു മാസത്തെ അവധിക്കാണ് നാട്ടിലെത്താറ്. നാട്ടിലെത്തി ഡ്രൈവിങ് ലൈസൻസിന് അപേക്ഷ നൽകിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞുള്ള ടെസ്റ്റ് തീയതിയാണ് ലഭിക്കുന്നത്.
അപ്പോഴേക്കും അവധികഴിഞ്ഞിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉള്ള പലർക്കും നാട്ടിൽ ലൈസൻസില്ല എന്ന പ്രശ്നമുണ്ട്. ഇതിനുകാരണം ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള കാര്യങ്ങളിലെ കാലതാമസമായിരുന്നു. വിദ്യാർഥികളടക്കം ലക്ഷക്കണക്കിന് മലയാളികളാണ് ഇപ്പോൾ വിദേശങ്ങളിലുള്ളത്. അവർക്കെല്ലാം പുതിയ തീരുമാനം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.