കപ്പലിൽ കടത്തിയ 25 മില്യൺ ഡോളറിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsമനാമ: ബഹ്റൈൻ ആസ്ഥാനമായ ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സ് ഏകദേശം 25 മില്യൺ ഡോളർ വിലമതിക്കുന്ന അനധികൃത മയക്കുമരുന്നുമായി കപ്പൽ പിടിച്ചെടുത്തു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. 360 കിലോ മെത്താംഫെറ്റാമൈൻ, 107 കിലോ ഹെറോയിൻ, 1961 കിലോ ഹഷീഷ് എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.
ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സിൽ അംഗമായ യു.എസ് കോസ്റ്റ് ഗാർഡാണ് ഓപറേഷൻ നടത്തിയത്. കഴിഞ്ഞ മാസം, റോയൽ നേവി ഫ്രിഗേറ്റ് എച്ച്.എം.എസ് ലാൻകാസ്റ്റർ അറബിക്കടലിൽ നടത്തിയ ഓപറേഷനിൽ 450 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയിരുന്നു. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ടാസ്ക് ഫോഴ്സിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് മയക്കുമരുന്ന് ഓപറേഷനുകളെന്ന് സി.ടി.എഫ് 150 കമാൻഡറും ഫ്രഞ്ച് നാവികസേന ക്യാപ്റ്റനുമായ യാനിക് ബോസു പറഞ്ഞു.
38 രാജ്യങ്ങൾ അടങ്ങുന്ന ബഹുരാഷ്ട്ര നാവികപങ്കാളിത്തമാണ് ബഹ്റൈൻ ആസ്ഥാനമായ കമ്പയിൻഡ് മാരിടൈം ഫോഴ്സ്. ഇതിന് കീഴിലുള്ള അഞ്ച് ടാസ്ക് ഫോഴ്സുകളിൽ ഒന്നാണ് സി.ടി.എഫ് 150. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, വാണിജ്യം സുഗമമാക്കുക, കപ്പലുകളെ സംരക്ഷിക്കുക, കടൽസുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ ദൗത്യം.
ജനുവരിയിലാണ് യു.കെ റോയൽ നേവി ക്യാപ്റ്റൻ ജെയിംസ് ബൈറണിൽനിന്ന് സി.ടി.എഫ് 150ന്റെ നേതൃത്വം ഫ്രഞ്ച് നേവി ക്യാപ്റ്റൻ യാനിക് ബോസു ഏറ്റെടുത്തത്. യു.കെ, ന്യൂസിലൻഡ്, ആസ്ട്രേലിയ, ബഹ്റൈൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള നാവികരാണ് അദ്ദേഹത്തിന്റെ ടാസ്ക് ഫോഴ്സിൽ പ്രവർത്തിക്കുന്നത്. കമ്പയിൻഡ് മാരിടൈം ഫോഴ്സിനു കീഴിൽ അഞ്ച് ടാസ്ക് ഫോഴ്സുകളുണ്ട്. സി.ടി.എഫ് 150, സി.ടി.എഫ് 151, സി.ടി.എഫ് 152, സി.ടി.എഫ് 153, സി.ടി.എഫ് 154 എന്നിവ. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടിയെടുക്കുകയാണ് സി.ടി.എഫ് 150 ചെയ്യുന്നത്.
സി.ടി.എഫ് 154 സംയുക്ത സേനയിൽ പങ്കാളികളായ നാവികസേനയെ പരിശീലിപ്പിക്കുകയും മിഡിലീസ്റ്റിലെ സമുദ്ര സുരക്ഷ വർധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ചെങ്കടലിൽ സമുദ്രസുരക്ഷയാണ് സി.ടി.എഫ് 153ന്റെ ദൗത്യം. സമുദ്രതട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുകയാണ് സി.ടി.എഫ് 151. അറേബ്യൻ ഗൾഫിലെ സമുദ്രസുരക്ഷ ഉറപ്പുവരുത്തുന്ന ടാസ്ക് ഫോഴ്സാണ് സി.ടി.എഫ് 152.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.