ദുബൈ എക്സ്പോ സാമ്പത്തിക മേഖലക്ക് ഉണർവേകും –മന്ത്രിസഭ
text_fieldsമനാമ: ദുബൈ എക്സ്പോ 2020ൽ ബഹ്റൈൻ പവിലിയൻ ആകർഷണീയവും രാജ്യത്തെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതുമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. എക്സ്പോ ഉദ്ഘാടനച്ചടങ്ങ് വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതിന് യു.എ.ഇക്ക് മന്ത്രിസഭ ആശംസകൾ നേർന്നു. സാമ്പത്തിക, സാംസ്കാരിക മേഖലക്ക് കൂടുതൽ മിഴിവേകാൻ എക്സ്പോ കാരണമാകുമെന്നും വിലയിരുത്തി. ശൂറ കൗൺസിൽ, പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കാനുള്ള ഹമദ് രാജാവിെൻറ നിർദേശത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാജ്യത്തിെൻറ വികസന പ്രവർത്തനങ്ങൾക്കായി പാർലമെൻറും ശൂറാ കൗൺസിലും മന്ത്രിസഭയുമായി സഹകരിക്കുന്നത് പ്രതീക്ഷയുണർത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ അഞ്ച് അധ്യാപകദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്നു. അറിവ് പകർന്നുകൊടുക്കുന്ന ഏവർക്കും അഭിമാനത്തോടെ മുന്നോട്ടുപോകാനും രാജ്യത്തിെൻറ സർവതോമുഖമായ വളർച്ചയിൽ കാര്യമായ പങ്കുവഹിക്കാനും സാധിക്കട്ടെയെന്ന് ആശംസയിൽ വ്യക്തമാക്കി. അടുത്ത നാലാഴ്ചകളിൽ മന്ത്രിസഭ യോഗം തിങ്കളാഴ്ചക്കു പകരം ഞായറാഴ്ചയാക്കാൻ തീരുമാനിച്ചു. സർക്കാർ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനുവേണ്ടിയാണിത്. ശഹീൻ കൊടുങ്കാറ്റ് നാശം വിതച്ച ഒമാന് മന്ത്രിസഭ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എല്ലാ പ്രയാസങ്ങളിൽനിന്ന് ഒമാൻ ജനതയെ ദൈവം രക്ഷിക്കട്ടെയെന്നും പ്രാർഥിച്ചു. മനുഷ്യാവകാശ ശാക്തീകരണ മേഖലയിലും സാങ്കേതികസഹായ മേഖലകളിലും യു.എന്നും ബഹ്റൈനുമായി സഹകരിക്കാനുള്ള നിർദേശത്തിന് അംഗീകാരമായി. ആഭ്യന്തര മന്ത്രാലയവും സൗദിയിലെ സ്പിറാനി നാഷനൽ സെക്യൂരിറ്റി അതോറിറ്റിയും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിനും അംഗീകാരം നൽകി. സേവനമേഖലയിലെ ചില വികസന പദ്ധതികൾ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയും പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രിയും മുന്നോട്ടുവെച്ച നിർദേശത്തിനും അംഗീകാരമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.