എൽ.എം.ആർ.എ നിയമപ്രകാരം ഒരു തൊഴിലാളിയുടെ കടമകൾ
text_fields1. ഒരു കാരണവശാലും നിയമസാധുതയുള്ള തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്യരുത്. തൊഴിൽ വിസയിൽ പറയുന്ന സ്ഥലത്തും തൊഴിലുടമയുടെ കീഴിലും മാത്രം ജോലി ചെയ്യുക. വിസയിൽ പറയുന്ന ജോലി തന്നെ ചെയ്യണം. ഒരു തൊഴിലാളിയുടെ ജോലി എന്താണെന്ന് സി.പി.ആറിൽ കാണിച്ചിരിക്കും. തൊഴിൽ കരാറിലും ഇത് രേഖപ്പെടുത്തിയിരിക്കും.
2. തൊഴിലാളിക്കുവേണ്ടി നൽകേണ്ട എല്ലാ സർക്കാർ ഫീസും തൊഴിലുടമയാണ് കൊടുക്കേണ്ടത്. ഇതിനായി തൊഴിലാളി പണം നൽകേണ്ട. ഒരു തൊഴിലാളി ശമ്പളത്തിെൻറ ഒരു ശതമാനം തൊഴിലില്ലായ്മ ഇൻഷുറൻസ് അടക്കണം. അത് തൊഴിലുടമക്ക് ശമ്പളത്തിൽനിന്ന് പിടിക്കാം. മൂന്ന് ശതമാനം സോഷ്യൽ ഇൻഷുറൻസ് കൊടുക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.
3. കൃത്യസമയത്ത് ശമ്പളം കിട്ടിയില്ലെങ്കിൽ ലേബർ മന്ത്രാലയത്തിൽ പരാതി നൽകാം. എൽ.എം.ആർ.എയിലും പരാതി കൊടുക്കാവുന്നതാണ്. അധികം വൈകാതെ പരാതി നൽകുന്നതും എംബസിയിൽ അറിയിക്കുന്നതും നല്ലതാണ്.
4. കൃത്യസമയത്ത് തൊഴിൽ വിസ പുതുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇത് തൊഴിലുടമയുടെ കടമയാണെങ്കിലും തൊഴിലാളിയും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ഇത് സമയത്ത് ചെയ്യാതിരുന്നാൽ പ്രയാസം അനുഭവിക്കുക തൊഴിലാളിയാണ്.
5. തൊഴിലാളിക്കുവേണ്ടി തൊഴിലുടമ കൊടുക്കേണ്ട സർക്കാർ ഫീസ്, സോഷ്യൽ ഇൻഷുറൻസ് എന്നിവ കൊടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
6.തൊഴിൽ വിസയിലുള്ള അഥവ സി.പി.ആറിലുള്ള തൊഴിലുടമക്കുവേണ്ടി മാത്രം ജോലി ചെയ്യുക. ആ തൊഴിലുടമക്ക് ആവശ്യമില്ലെങ്കിൽ പുതിയ തൊഴിലുടമയുടെ പേരിലേക്ക് വിസ മാറിയേശഷം മാത്രം പുതിയ ജോലി ചെയ്യുക.
7. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.
8. തൊഴിലുടമയോടുള്ള കടമകൾ നിർവഹിക്കുക. ആദരവും സത്യസന്ധതയുമുണ്ടായിരിക്കണം. പുറത്തു വേറെ ജോലി ചെയ്യാതിരിക്കുക. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടരുത്. സമൂഹ മാധ്യമങ്ങൾ മുഖേന ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
9. തൊഴിലുടമയുടെ അനുമതി ഇല്ലാതെ തൊഴിലിൽനിന്ന് മാറി നിൽക്കരുത്. രോഗ അവധി എടുക്കുകയാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. 10 ദിവസത്തിൽ കൂടുതൽ തൊഴിലിൽനിന്ന് മാറി നിന്നാൽ തൊഴിൽ കരാർ റദ്ദ് ചെയ്യാം. 15 ദിവസത്തിൽ കൂടിയാൽ എൽ.എം.ആർ.എയിൽ തൊഴിലിന് വരുന്നില്ലെന്ന് പരാതി നൽകാൻ കഴിയും.
10. തൊഴിൽ വിസയുടെ നിയമസാധുത എൽ.എം.ആർ.എയുടെ വെബ്സൈറ്റിൽനിന്ന് പരിശോധിക്കാവുന്നതാണ്. സി.പി.ആർ നമ്പറും പാസ്പോർട്ട് കാലാവധി കഴിയുന്ന തീയതിയും നൽകിയാൽ എല്ലാ വിവരങ്ങളും ലഭിക്കും. lmra.bh എന്ന വെബ്സൈറ്റ് വഴിയും 17506055 എന്ന കോൾ സെൻറർ വഴിയും വിസയുടെ വിവരം പരിശോധിക്കാം.
11. തൊഴിലുടമ നിങ്ങൾ തൊഴിലിന് വരുന്നില്ലെന്ന് എൽ.എം.ആർ.എയെ അറിയിച്ചാൽ എസ്.എം.എസ് സന്ദേശം ലഭിക്കും. അത് ലഭിച്ചാൽ ഉടൻ എൽ.എം.ആർ.എയിൽ പോയി നിജസ്ഥിതി ബോധിപ്പിക്കണം. ഒരുമാസത്തിനകം ഇത് ചെയ്യണം. അങ്ങനെ ജോലിക്ക് ഹാജരാകുന്നില്ലെന്ന രേഖ മാറ്റാൻ സാധിക്കും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.