ബഹ്റൈൻ പൗരന്മാർക്ക് യു.കെ സന്ദർശിക്കാൻ ഇ-വിസ
text_fieldsമനാമ: ബഹ്റൈൻ പൗരന്മാർക്ക് യു.കെ സന്ദർശിക്കുന്നതിന് ഇ-വിസ സമ്പ്രദായം ഏർപ്പെടുത്തും. ജൂൺ ഒന്ന് മുതലാണ് ഈ സംവിധാനം നിലവിൽ വരുക. ബ്രിട്ടൻ സന്ദർശിക്കാനാഗ്രഹിക്കുന്ന ബഹ്റൈനികൾക്ക് ഓൺലൈനായി വിസക്ക് അപേക്ഷിക്കാൻ സാധിക്കും.
യാത്രക്ക് മുമ്പ് ആറു മാസം മുതൽ 48 മണിക്കൂർ വരെ ഇ-വിസക്ക് അപേക്ഷിക്കാവുന്നതാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 15 ദീനാറാണ് വിസ ഫീസ് ആയി ഈടാക്കുക. ആറ് മാസം വരെ ഇതുപയോഗിച്ച് യു.കെയിൽ തങ്ങാനാകും. ടൂറിസം, ബിസിനസ്, പഠനം, ചികിത്സ എന്നീ കാര്യങ്ങൾക്കാണ് ഇ-വിസ ഉപയോഗപ്പെടുത്താനാവുക. മറ്റ് ഉദ്ദേശ്യങ്ങൾക്കായി സാധാരണ വിസ നിർബന്ധമാണ്.
ടെലികമ്യൂണിക്കേഷൻ രംഗത്ത് 787 മില്യൺ ദീനാർ നിക്ഷേപം
മനാമ: സർക്കാറിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് പിന്തുണ നൽകാൻ രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പര്യാപ്തമാണെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. സമ്പൂർണമായ 5ജി സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. രാജ്യത്തുടനീളം അതിവേഗ ഇന്‍റർനെറ്റ് സേവനം ലഭിക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ, വിവര സാങ്കേതികവിദ്യാരംഗത്ത് നിക്ഷേപം ആകർഷിക്കാൻ ബഹ്റൈന് സാധിച്ചു. പ്രമുഖ സാങ്കേതിക സേവന കമ്പനികൾ ബഹ്റൈനിലേക്ക് എത്തുകയും ചെയ്തു. 2020ൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് 72.8 മില്യൺ ദീനാറിന്റെ നിക്ഷേപമാണ് എത്തിയത്. 2010 മുതൽ 2020 വരെയുള്ള കാലയളവിലെ മൊത്തം നിക്ഷേപം 787 മില്യൺ ദീനാറായി ഉയർന്നതായും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.