ഉയിർപ്പ് ഞായർ: നന്മയുടെ ശാശ്വതവിജയം ഉറപ്പുതരുന്ന ദിനം
text_fieldsക്രിസ്തീയ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മൗലികമായ അടിസ്ഥാനം ക്രിസ്തുവിന്റെ ഉയിർപ്പാണ്. അതുകൊണ്ടാണ് പൗരസ്ത്യ ദൈവശാസ്ത്രം ക്രിസ്തുവിന്റെ ജനനാഘോഷത്തേക്കാൾ ഉയിർപ്പിന് പ്രാധാന്യം നൽകുന്നത്. അവതാരമെടുത്ത് കേവലം ധർമോപദേശം നിർവഹിച്ച്, അത്ഭുതങ്ങൾ പ്രവർത്തിച്ച്, കബറടക്കപ്പെട്ട ക്രിസ്തുവല്ല, മറിച്ച് ഉത്ഥിതനായി എന്നന്നേക്കും ജീവിക്കുന്ന ക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം.
ഉയിർപ്പ് പെരുന്നാൾ സൂചിപ്പിക്കുന്ന മറ്റൊരാശയമാണ് പുനരുഥാനത്തിൽ ഉണ്ടാകുന്ന രൂപാന്തരാനുഭവം. മർത്യാവസ്ഥയിൽനിന്ന് അമർത്യാവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെട്ട് മഹത്വീകരിക്കപ്പെട്ട് ശരീരം ധരിക്കുന്ന ഒരവസ്ഥ.
സമാധി ദശയിൽ ഇഴയുന്ന പുഴുവിന്റെ അവസ്ഥയിൽനിന്ന് പറക്കുന്ന മനോഹരമായ ശലഭാവസ്ഥയിലേയ്ക്കുള്ള രൂപാന്തരം പോലെയാണിത്. മഹത്വീകരിക്കപ്പെട്ട ആത്മമയമായ ഈ ശരീരത്തിന് സ്ഥലകാല പരിമിതികൾക്കതീതമായി കടന്നു ചെല്ലുവാൻ സാധിക്കുന്ന അവസ്ഥ.
ബന്ധങ്ങളുടെ ശ്രേഷ്ഠതയിലേയ്ക്കുള്ള തീർത്ഥാടനവും വ്യക്തിബന്ധങ്ങളിലുള്ള അകലം കുറയ്ക്കലുമാണ് ഉയിർപ്പിന്റെ വലിയ സന്ദേശം. ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം ആകുലതയെ അകറ്റി കാലിക ജീവിതയാഥാർഥ്യങ്ങളെ ധൈര്യപൂർവം നേരിടുന്നതിന് നമുക്ക് കരുത്തേകും.
നമ്മെ ശക്തിയായി സ്വാധീനിക്കുന്ന കോവിഡാനന്തര സാഹചര്യങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും അതുയർത്തുന്ന പല മേഖലകളിലുമുള്ള വെല്ലുവിളികളും മാധ്യമങ്ങളുടെ സത്യേതര സംസ്കാരവും നീതിനിഷേധങ്ങളും സമൂഹത്തിൽ സമാധാന ജീവിതത്തിന് വെല്ലുവിളികളുയർത്തുന്നു.
ഇവിടൊക്കെ ക്രിസ്തു സാന്നിധ്യം പച്ചയായ അനുഭവമാക്കാത്തവർക്ക് നിരാശയും നിസ്സംഗതയും മാത്രമായിരിക്കും ജീവിതത്തിൽ. വിശ്വാസവും അതിലെറെ സ്നേഹാർപ്പണവും പ്രദർശിപ്പിച്ച സ്ത്രീകൾ ക്രിസ്തുവിന്റെ കബറിൽ പ്രവേശിച്ചപ്പോൾ കല്ല് ഉരുട്ടിമാറ്റപ്പെട്ടതായി കാണപ്പെട്ടു.
ഇത് നമ്മുടെ ജീവിതത്തിലും പാഠമാകട്ടെ. ജീവിതത്തിലുണ്ടാകുന്ന പ്രതിബന്ധങ്ങളാകുന്ന കല്ലുകൾ, ദൈവാത്തിലാശ്രയിച്ച് വിശ്വാസ സമേതം മുന്നോട്ട് പോകുമ്പോൾ, അവയെല്ലാം മെഴുകുപോലെ തന്നെത്താൻ ഉരുകിമാറും. നന്മയുടെ ആത്യന്തിക വിജയം ആഘോഷിക്കുന്ന വലിയ പെരുന്നാൾ കൂടിയാണ് ഈസ്റ്റർ.
വെള്ളിയാഴ്ച തിന്മയുടെ ശക്തികൾ ദൈവപുത്രനെ ക്രൂശിച്ചു എങ്കിൽ ഞായറാഴ്ച ആ സത്യം ഉയിർത്തെഴുന്നേറ്റു. അതായത് തിന്മയുടെ വിജയം ശനിയാഴ്ച വരെ മാത്രം.
ഞായറാഴ്ച പൊൻപുലരിയിൽ നന്മയുടെ ശാശ്വതവിജയം ഉണ്ടാവുകതന്നെ ചെയ്യും. ഈ സന്ദേശം നീതി നിഷേധിക്കപ്പെട്ട് നിരാശയിലും ഭയത്തിലും കഴിയുന്നവർക്ക് പുത്തൻ പ്രത്യാശയും പ്രശാന്തിയും ധൈര്യവും പകരുന്നു. ഈസ്റ്ററിന്റെ അഭൗമികമായ പ്രത്യാശയും സമാധാനവും ഏവർക്കും ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.