സാമ്പത്തിക രംഗത്ത് ഉണർവ്; ബാപ്കോയുടെ ഉൽപാദനശേഷി പ്രതിദിനം 4,00,000 ബാരലായി
text_fieldsമനാമ: ആധുനികീകരണ പദ്ധതിയിലൂടെ ബാപ്കോയുടെ ഉൽപാദനശേഷി പ്രതിദിനം 4,00,000 ബാരലായി ഉയർന്നു. 42 ശതമാനം വർധനയാണിത്. എണ്ണ ശുദ്ധീകരണ മേഖലയിൽ ഉൽപാദനശേഷിയിലുണ്ടായ വൻ വർധന ബഹ്റൈനെ സംബന്ധിച്ചിടത്തോളം വളരെയധികം മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ബാപ്കോ ആധുനികീകരണ പദ്ധതി (ബി.എം.പി) ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. രാജ്യത്തിലെ ഊർജ മേഖലയുടെ പരിവർത്തനത്തിന് ഇതു വഴിതെളിക്കുമെന്ന് ബാപ്കോ എനര്‍ജി ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ മാര്‍ക്ക് തോമസ് വ്യക്തമാക്കി.
എണ്ണ ശുദ്ധീകരണത്തിൽ ബഹ്റൈനിന്റെ ഉൽപാദനശേഷി വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പദ്ധതി. ദേശീയ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം നൽകുകയും വരുമാനം വർധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയെ സാമ്പത്തികലോകം വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്.
ഇതു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമിടയാക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും നവീകരണത്തിലൂടെ സാധിക്കും. മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ഉയർത്തുന്നതിനും പുതിയ സംരംഭം സഹായിക്കും.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിലെയും ആഗോളതലത്തിലെയും ഏറ്റവും നൂതനമായ റിഫൈനറികളിലൊന്നായി ഇതോടെ ബാപ്കോ മാറിയിട്ടുണ്ട്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന നിക്ഷേപമാണ് സുപ്രധാനമായ ഈ പദ്ധതി. 15 സബ് സ്റ്റേഷനുകളും 21 പുതിയ പ്രോസസിങ് യൂനിറ്റുകളും അടങ്ങുന്ന പദ്ധതി പ്രാദേശിക പങ്കാളികള്‍ക്കൊപ്പം പ്രമുഖ കമ്പനികളുടെ ആഗോള കണ്‍സോർട്യമാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.