ബഹ്റൈൻ സമ്പദ്വ്യവസ്ഥക്ക് 3.3 ശതമാനം വളർച്ച
text_fieldsമനാമ: 2024 ആദ്യപാദത്തിൽ ബഹ്റൈൻ സമ്പദ്വ്യവസ്ഥക്ക് വളർച്ച രേഖപ്പെടുത്തി. മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.3 ശതമാനം വർധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു. 2024 ഒന്നാം പാദത്തിലെ ബഹ്റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ട് പ്രകാരം എണ്ണ ഇതര സമ്പദ്വ്യവസ്ഥയിൽ വലിയ മുന്നേറ്റമുണ്ടായി. എണ്ണയിതരമേഖലയിൽ 3.3 ശതമാനം വളർച്ചയുണ്ടായപ്പോൾ എണ്ണ മേഖലയിൽ 3.4 ശതമാനം വളർച്ചയെന്നും സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദ്യപാദത്തിൽ ജി.ഡി.പി 3.61 ബില്യൺ ദീനാറായിട്ടുണ്ട്. കഴിഞ്ഞവർഷം ഇത് 3.49 ബില്യൺ ദീനാറായിരുന്നു.
താമസ, ഭക്ഷണ സേവനങ്ങൾ 10.7 ശതമാനം വർധനവ് രേഖപ്പെടുത്തി. സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങളിൽ 7.4 ശതമാനം വളർച്ചയുണ്ടായി. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മേഖലയിൽ 6.6 ശതമാനം വർധനവ് കാണിച്ചു. ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകളിലും വർധനയുണ്ടായി. ഫണ്ട് ട്രാൻസ്ഫർ സിസ്റ്റത്തിൽ (Fawri+, Fawri, Fawateer) മൊത്തം മൂല്യത്തിൽ 14.3 ശതമാനം വർധനയാണുണ്ടായത്.
മൊബൈൽ വരിക്കാരുടെ എണ്ണത്തിലുണ്ടായ 13.8 ശതമാനം വളർച്ചയും ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണത്തിലുണ്ടായ 3.1 ശതമാനം വർധനയുമാണ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ മേഖലയിലെ വളർച്ചക്ക് കാരണമായത്. മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല 5.7 ശതമാനം വളർച്ച നേടി. ഇ-കോമേഴ്സ് ഇടപാടുകൾ വർഷം തോറും ഒമ്പത് ശതമാനം വർധിക്കുന്നുണ്ട്. പുതിയ കമ്പനികളുടെ വാണിജ്യ രജിസ്ട്രേഷൻ 4.5 ശതമാനം വർധിച്ചു. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 11 ശതമാനം വർധിച്ചപ്പോൾ എയർ ക്രാഫ്റ്റ് ഗതാഗതം 10 ശതമാനം വർധിച്ചു.
ബാപ്കോ റിഫൈനറി, ആൽബ എന്നിവയിൽ ഉൽപാദനം യഥാക്രമം 25.3 ശതമാനവും 1.9 ശതമാനവും വർധിച്ചു. ഇതോടെ ഉൽപാദന മേഖല പ്രതിവർഷം 3.9 ശതമാനം വളർച്ച നേടി. റിയൽ എസ്റ്റേറ്റ് പ്രവർത്തന മേഖല 0.9 ശതമാനം വളർച്ച കൈവരിച്ചു. നിർമാണ മേഖല 3.9 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലും 22.8 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ അളവ് 12.8 ശതമാനവും വർധിച്ചു. എണ്ണ ഇതര ജി.ഡി.പിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാമ്പത്തിക, ഇൻഷുറൻസ് പ്രവർത്തനങ്ങളാണ് - 16.7 ശതമാനം. ഉൽപാദനമേഖല 14.8 ശതമാനവും സംഭാവന നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.