വിദ്യാഭ്യാസ മേഖലയിലെ ചതുർവർഷ പദ്ധതി വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചു
text_fieldsമനാമ: വിദ്യാഭ്യാസ മേഖലയിലെ 2023- 2026 കാലയളവിലെ ചതുർവർഷ പദ്ധതി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ അവതരിപ്പിച്ചു.
മനാമ റോട്ടറി ക്ലബ് ഗൾഫ് ഹോട്ടലിൽ സംഘടിപ്പിച്ച വാരാന്ത കൂടിക്കാഴ്ചയിലാണ് മന്ത്രി വരുംവർഷങ്ങളിലെ രാജ്യത്തെ വിദ്യാഭ്യാസ പ്ലാനിനെ കുറിച്ച് വിശദീകരിച്ചത്. ഉന്നത വിദ്യാഭ്യാസ സമിതിയിലെ ഉയർന്ന ഉദ്യോഗസ്ഥരും റോട്ടറി ക്ലബ് മുൻ ഭാരവാഹികളടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച റോട്ടറി ക്ലബിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കഴിഞ്ഞ 100 വർഷമായി തുടരുന്ന വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ഇന്ന് വലിയ അളവിൽ രാജ്യത്തിന് ഗുണകരമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഉയർന്ന കാഴ്ചപ്പാടുകളുമാണ് ബഹ്റൈനിലെ വിദ്യാഭ്യാസ പുരോഗതിക്ക് ആധാരം.
സാമൂഹിക പുരോഗതി, സാംസ്കാരിക ഔന്നത്യം, സാമ്പത്തിക വളർച്ച എന്നിവയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്നാണ് ബഹ്റൈൻ കരുതുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസം, ഹ്യൂമൺ റിസോഴ്സ് കഴിവ് ഉയർത്തൽ, അഡ്മിനിസ്ട്രേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തൽ, ഡിജിറ്റലൈസേഷൻ അടക്കമുളള അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ നാല് അടിസ്ഥാന പദ്ധതികളാണ് തയാറാക്കിയിട്ടുള്ളത്.
ചർച്ചയിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.