രാജ്യവികസനത്തിന് വിദ്യാഭ്യാസമേഖല ശക്തിപ്പെടേണ്ടത് അത്യാവശ്യം -കിരീടാവകാശി
text_fieldsമനാമ: രാജ്യത്തിന്റെ വികസനത്തിന് വിദ്യാഭ്യാസമേഖല ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. പൗരന്മാരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസമേഖലക്ക് നിർണായക പങ്കുണ്ട്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുദൈബിയ പാലസിൽ സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സൈമൺ വാട്സണുമായി നടന്ന കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യങ്ങൾ പറഞ്ഞത്.
നൂതനസാങ്കേതിക വികാസത്തിനും സർഗാത്മകതക്കും അനുസൃതമായ വിദ്യാഭ്യാസ അന്തരീക്ഷം പൊതു, സ്വകാര്യ മേഖലയിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ക്രിസ്റ്റഫേഴ്സ് സ്കൂളിന്റെ വികസന പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. വർഷങ്ങളായി രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സ്കൂൾ വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം സ്കൂൾ അധികൃതരെയും ജീവനക്കാരേയും അഭിനന്ദിച്ചു. കിരീടാവകാശിയെ കാണാൻ അവസരം ലഭിച്ചതിൽ ഡോ. വാട്സൺ നന്ദി രേഖപ്പെടുത്തി.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.