ത്യാഗ സ്മരണകളുമായി ബലിപെരുന്നാൾ
text_fieldsമനാമ: സമർപ്പണത്തിെൻറ ജ്വലിക്കുന്ന ഓർമകളുമായി ഒരു ബലിപെരുന്നാൾ കൂടി..! ഒരുമയോടെ ആഘോഷിക്കാം ഈ ബലിപെരുന്നാളും. ആത്മസമര്പ്പണത്തിെൻറയും സഹനത്തിെൻറയും ആഘോഷദിനം ഒരിക്കല്‍ കൂടി നമ്മിലേക്ക് വന്നിരിക്കുകയാണ്. ഇബ്രാഹീം നബിയുടെയും മകന് ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകളുമായി ഒരു ദിനം കൂടി വന്നണയുമ്പോള്‍ ലോകത്തിന് നല്കുന്ന സന്ദേശവും മഹത്തരമാണ്, പ്രത്യേകിച്ച് ലോകം ഒരു വലിയ പരീക്ഷണത്തിലൂടെ നീങ്ങുന്ന ഈ കാലത്ത്.
പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിജയം സുനിശ്ചിതമാണെന്നാണ് ഈ ബലിപെരുന്നാള്‍ സന്ദേശവും ലോകത്തോട് പറയുന്നത്. അതാണ്, വിശ്വാസസമൂഹത്തെ മുന്നോട്ടുനയിക്കുന്നതും. ബലിപെരുന്നാള്‍ നമുക്കേകുന്ന സഹനസന്ദേശമാണ് നാം ഉള്‍ക്കൊള്ളേണ്ടത്... സാമൂഹിക അകലങ്ങളുടെ കാലത്ത് പരസ്പരമുള്ള കരുതലോടെയാണ് നാം മുന്നോട്ടുപോകേണ്ടത്. മാനസികമായ ഐക്യമാണ് നാം കൈമുതലാക്കേണ്ടത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ചെലവഴിച്ച് ബലിപെരുന്നാള്‍ ദിനം നമുക്ക് സന്തോഷനിമിഷങ്ങളാക്കാം.
ത്യാഗസ്മരണകളുടെയും ഐക്യപ്പെടലിെൻറയും സാഹോദര്യത്തിെൻറയും സൗഹാര്‍ദത്തിെൻറയും ബലിപെരുന്നാള്‍ ആശംസകള്‍ ഏവർക്കും നേരുന്നതായി ബഹ്റൈൻ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഗഫൂർ കയ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ, ട്രഷർ റസാഖ് മൂഴിക്കൽ എന്നിവർ അറിയിച്ചു.
സമർപ്പണങ്ങളുടെ സന്ദർഭം
ഒരിക്കൽ കൂടി ബലിപെരുന്നാൾ ആഗതമായി. വിശ്വാസികളുടെ മനസ്സിൽ സന്തോഷാതിരേകത്തിെൻറ മാരിവർഷം. 4000 വർഷങ്ങൾക്കുമുമ്പ് ജീവിച്ച ഒരു കുടുംബത്തിെൻറ ത്യാഗോജ്ജ്വല ഓർമകളുടേതാണ് ഹജ്ജ് പെരുന്നാൾ. സൃഷ്ടിച്ച നാഥനു മുന്നിൽ സർവതും സമർപ്പണം ചെയ്ത ഇബ്രാഹീം നബിയുടെയും പൊന്നോമന പുത്രൻ ഇസ്മായിൽ നബിയുടെയും അനശ്വര ഓർമകൾ അയവിറക്കുകയാണ് ഹജ്ജിലൂടെ ലോക മുസ്ലിംകൾ ഒന്നടങ്കം.
മനുഷ്യെൻറ സാമൂഹിക പ്രതിബന്ധതയും പരലോക ചിന്തയും പ്രകടിപ്പിക്കുന്ന പ്രതീകാത്മകമായ ഒരു ഉപാസനയാണ് ഹജ്ജ് ദിനം. വിശുദ്ധ ഭൂമിയിൽ ഒത്തൊരുമിക്കുന്ന പാരാവാരം മനുഷ്യമക്കൾ ഈ ലോകത്തോടായി നൽകുന്ന സന്ദേശങ്ങൾ മാനവികതയുടേതാണ്. ആത്യന്തികമായി മാനവരാശി സമ്പൂർണത കൈവരിക്കേണ്ടത് എങ്ങനെയെന്ന പാഠമത്രെ ഈ വിശുദ്ധ സംഗമത്തിലൂടെ നമ്മെ ഉണർത്തുന്നത്.
പെരുന്നാളുകൾ സേവനങ്ങളുടെയും സമർപ്പണങ്ങളുടെയും സന്ദർഭമാണ്. പാരസ്പര്യത്തിെൻറ പുതുതളിരുകൾ നാമ്പിടേണ്ട കാലം. വൈകാരികത ഇരുട്ടുകൂട്ടുന്ന വർത്തമാനത്തിൽ സ്നേഹനൂലുകൾകൊണ്ട് പ്രതിരോധ വലകളുണ്ടാക്കാൻ പെരുന്നാളുകൾക്ക് കഴിയണം. അസഹിഷ്ണുത സഹിഷ്ണുതയിലേക്ക് മാറിയാൽ മാത്രം പോരാ, അത് പരസ്പര ബഹുമാനത്തിലേക്കുകൂടി എത്തണം. സ്നേഹമാണ് പെരുന്നാളുകൾ ഉദ്ഘോഷിക്കുന്നത്. കുടുംബത്തിലേക്കും അയൽക്കാരിലേക്കും സുഹൃത്തുക്കളിലേക്കും നിഷ്കളങ്കമായ സ്നേഹച്ചാലുകൾ ഒഴുകട്ടെ.
-അബൂബക്കർ ഇരിങ്ങണ്ണൂർ
ത്യാഗസന്നദ്ധതയുടെ ഒാർമപുതുക്കൽ
കടുത്ത ദൈവിക പരീക്ഷണങ്ങളുടെ പാതയിൽ പതറാതെ വിശ്വാസത്തിൽ അടിയുറച്ചുനിന്ന ഇബ്രാഹീം നബിയുടെയും അവിടത്തെ പുത്രനായ ഇസ്മായിൽ നബിയുടെയും ത്യാഗനിർഭരമായ ജീവിതം വിളിച്ചോതുന്ന ഒരു ബലിപെരുന്നാൾ ദിനംകൂടി എത്തിയിരിക്കുകയാണ്. ഈ ദിനങ്ങൾ കോവിഡ് മഹാമാരി എന്ന മറ്റൊരു പരീക്ഷണത്തിെൻറ പിടിയിലാണ്.
അതുകൊണ്ടുതന്നെ വിശ്വാസികൾ ദൈനംദിന ജീവിതത്തിൽ പാലിക്കുന്ന നിയന്ത്രണങ്ങളുടെ പാതയിൽതന്നെയാണ് ഓരോ വിശ്വാസിയും ഈ പെരുന്നാൾ ദിനത്തെയും അഭിമുഖീകരിക്കേണ്ടിവരുന്നത്.
ബഹ്റൈൻ ആരോഗ്യവകുപ്പും ഭരണകൂടവും പൗരന്മാരും കോവിഡ് പ്രതിരോധത്തിൽ പോരാടി നേടിയെടുത്ത വിജയങ്ങൾക്ക് നാം നൽകുന്ന ഏറ്റവും വലിയ പിന്തുണകൂടിയാവണം ഈ ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള അവധി ദിനങ്ങളിലുമുള്ള നിയന്ത്രണങ്ങളോടുകൂടിയ ആഘോഷങ്ങൾ.
ബഹ്റൈൻ നിവാസികൾക്കും അതോടൊപ്പം ലോകസമൂഹത്തിനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഹൃദ്യമായ ബലിപെരുന്നാൾ ആശംസകൾ നേരുന്നതായി പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, ട്രഷറർ യാഖൂബ് ഈസ എന്നിവർ അറിയിച്ചു.
ഫ്രണ്ട്സ് അസോസിയേഷന് ഈദ് ആശംസകള്‍ നേര്‍ന്നു
ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് ഈദാശംസകള്‍ നേര്‍ന്നു. സമാധാനത്തിെൻറ പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നിലകൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കണമെന്ന് അസോസിയേഷനെ പ്രതിനിധാനംചെയ്ത് ആക്ടിങ് പ്രസിഡൻറ് ഇ.കെ. സലീം, ജന. സെക്രട്ടറി എം.എം. സുബൈർ എന്നിവർ ആശംസാസന്ദേശത്തിൽ പറഞ്ഞു.
മഹാനായ ഇബ്രാഹീം നബിയും കുടുംബവും മാനവസമൂഹത്തിന് പകർന്നുനൽകിയ ദൈവസ്നേഹത്തിെൻറയും സമര്പ്പണത്തിെൻറയും സഹജീവിസ്നേഹത്തിെൻറയും വികാരനിര്‍ഭര ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭമെന്ന നിലക്ക് സാമൂഹികഅകലം പാലിക്കുമ്പോഴും പ്രയാസപ്പെടുന്നവരോടൊപ്പം നിലകൊള്ളാൻ വിശ്വാസിസമൂഹത്തിന് സാധിക്കണം.
കോവിഡ് മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ മനുഷ്യർ ഒന്നാണെന്നും ദൈവത്തിെൻറ സൃഷ്ടികളാണെന്നും മനുഷ്യരുടെ ആധിപത്യ, വിധേയത്വ കാഴ്ചപ്പാടുകൾ വെറും മിഥ്യയാണെന്നും പഠിപ്പിച്ച ഇബ്രാഹീം നബിയുടെ അധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വന പ്രവർത്തനങ്ങൾ തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ബി.കെ.എസ്.എഫ് ഈദ് സംഗമം നാളെ
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ജീവകാരുണ്യ കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) സംഘടിപ്പിക്കുന്ന ഈദുൽ അദ്ഹാ സംഗമം ബുധനാഴ്ച വൈകീട്ട് അഞ്ചു മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും പങ്കെടുക്കുമെന്ന് ഹെൽപ് ഡെസ്ക് കൺവീനർ ഹാരിസ് പഴയങ്ങാടി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സൂം ലിങ്കിനും 33403533 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.