പെരുന്നാൾ പൊലിമയിൽ ബഹ്റൈൻ
text_fieldsഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഭക്തിസാന്ദ്രമായ
ഈദ് ഗാഹില്‍ ഒത്തുകൂടിയവർ ചിത്രം: സത്യൻ പേരാമ്പ്ര
മനാമ: വൃതവിശുദ്ധിയുടെ നിറവിൽ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ മുറുകെപ്പിടിച്ച് രാജ്യം ഈദുൽ ഫിത്ർ ആഘോഷിച്ചു. രാജ്യത്തെ പള്ളികളിലും സുന്നീ ഔഖാഫിന്റെ മേൽനോട്ടത്തിൽ ഈദ് ഗാഹുകളിലുമായി രാവിലെ 5.50ന് നടന്ന പ്രാർഥനകളോടെയാണ് പെരുന്നാൾ ദിനം ആരംഭിച്ചത്.
ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപിച്ച വിശ്വാസികളുടെ ആഘോഷത്തിന് മാറ്റൊരൽപം കൂടുതലായിരുന്നു.
പുത്തന്‍ വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തും, പരസ്പരം ഈദ് ആശംസകൾ നേർന്നും ആയിരങ്ങളാണ് ഓരോ ഈദ് ഗാഹുകളിലും പങ്കാളികളായത്. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലടക്കം നിരവധി ഈദ് ഗാഹുകളാണ് നടന്നത്.
അൽ സാഖിർകൊട്ടാരത്തിലെ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ രാജകുടുംബാംഗങ്ങളോടൊപ്പം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു.
സാഖിർ കൊട്ടാരത്തിലെ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
രാജാവിന്റെ പുത്രന്മാർ, പേരക്കുട്ടികൾ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ശൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, ബഹ്റൈൻ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രാർഥനകളിൽ പങ്കെടുത്തു.
സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരിയാണ് പെരുന്നാൾ പ്രഭാഷണത്തിന് നേതൃത്വം നൽകിയത്.
ഉപവാസവും ഉപാസനയുമായി ഒരു മാസം കഴിച്ചുകൂട്ടിയ വിശ്വാസികൾ, ഇനിയുള്ള കാലവും തിന്മകൾ വെടിഞ്ഞ് ദൈവപ്രീതിക്കായുള്ള നന്മകളിൽ വ്യാപൃതരാകണമെന്ന് പെരുന്നാൾ സന്ദേശത്തിൽ ഇമാമുമാർ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.