പെരുന്നാൾ അവധി; ടൂറിസം മേഖലക്ക് ഉണർവ്
text_fieldsമനാമ: പെരുന്നാൾ അവധിക്കാലത്ത് ബഹ്റൈനിലെ ടൂറിസം മേഖലക്ക് വലിയ ഉണർവാണുണ്ടായത്. ഗൾഫ് കോഓപറേഷൻ കൗൺസിലിലെ (ജി.സി.സി) നിവാസികളുടെ ഈദ് ലക്ഷ്യസ്ഥാനമായി രാജ്യം മാറി. ഫെസ്റ്റിവൽ കാലത്ത് വിപുലമായ ഷോപ്പിങ് അനുഭവമാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്.
വിപുലമായ ഷോപ്പിങ് അവസരങ്ങളൊരുക്കി മാളുകളെല്ലാം അണിഞ്ഞൊരുങ്ങിയിരുന്നു. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ ഒഴുക്ക് ദൃശ്യമായിരുന്നു. അധ്യയന വർഷാവസാനവും വേനൽക്കാല അവധിക്കാലത്തിന്റെ തുടക്കവുമാണ് ഈദ് അൽ-അദ്ഹ കാലം. ഈ സമയത്ത് വിനോദത്തിനും വിശ്രമത്തിനുമായി പണം ചെലവഴിക്കുക സാധാരണമാണ്. അവധിക്കാല ആഘോഷത്തിനായി പണം കുടുംബ ബജറ്റിൽ മാറ്റിവെക്കാറുമുണ്ട്.
ഹോട്ടലുകൾ, റിസോർട്ടുകൾ, ഷോപ്പിങ് സെന്ററുകൾ, കോംപ്ലക്സുകൾ, സിനിമാശാലകൾ, പൊതു, സ്വകാര്യ ബീച്ചുകളെന്നിവയിലെല്ലാം സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടായി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ഈദ് ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളൊരുക്കിയിരുന്നു. ഈ വർഷം ബഹ്റൈനിലെ വിനോദ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ ആവശ്യകതകൾക്കനുസരിച്ച് സൗകര്യങ്ങളും ടൂറിസ്റ്റു കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കാൻ ബി.ടി.ഇ.എ പദ്ധതി തയാറാക്കിയിരുന്നു.
അതോറിറ്റിയുടെ ഈ ശ്രമങ്ങൾ വിജയം കണ്ടു എന്നതിന്റെ തെളിവായാണ് പെരുന്നാൾ തിരക്കിൽനിന്നും വ്യക്തമാകുന്നത്. ടൂറിസം വികസനം ലക്ഷ്യമിട്ട് ഗൾഫ് എയർ നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവിസ് ആരംഭിച്ചിട്ടുണ്ട്. ചൈനയിലേക്കും യു.എസിലേക്കും അടുത്തിടെ നേരിട്ടുള്ള സർവിസ് തുടങ്ങിയിരുന്നു. കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സർവിസ് തുടങ്ങുന്നത് വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.