ഈദ് അവധിയാഘോഷം: വിനോദസഞ്ചാരികൾ ഒഴുകിയെത്തും
text_fieldsമനാമ: ഈദുൽ ഫിത്വർ അവധിയോടനുബന്ധിച്ച് വിനോദസഞാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും. വിദേശ ടൂറിസ്റ്റുകൾക്കുപുറമെ ആഭ്യന്തര ടൂറിസ്റ്റുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഹോട്ടലുകളും വ്യാപകമായി ബുക്ക് ചെയ്തിട്ടുണ്ട്. ഹോട്ടലുകളിലെ വിനോദോപാധികളും അന്തരീക്ഷവുമാണ് ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഇത് കണക്കാക്കി ഹോട്ടലുകൾ ആകർഷകമായ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെസ്റ്റിവൽ സീസണിൽ വിമാന നിരക്കുകൾ വലിയതോതിൽ വർധിച്ചതും തദ്ദേശീയരെ ഇവിടെത്തന്നെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ആഭ്യന്ത ടൂറിസം പ്രോൽസാഹിപ്പിക്കാൻ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിയും (ബി.ടി.ഇ. എ)പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
സാക്കിറിലെ എക്സിബിഷൻ സെൻറർ കേന്ദ്രമാക്കി വിവിധ ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം പ്രോൽസാഹിപ്പിക്കുന്ന നയങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് വാരാന്ത്യങ്ങളിൽ ഹോട്ടൽ ബുക്കിംഗുകൾ എൺപതുശതമാനത്തിലെത്തിയതായി ബി.ടി.ഇ. എ യോഗം വിലയിരുത്തിയിരുന്നു. ഈദ് അവധി ദിവസങ്ങളിൽ ഹോട്ടലുകൾ നിറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാട്ടിൽ തന്നെ താമസിക്കാനും പ്രാദേശികമായ സാംസ്കാരിക വൈവിധ്യങ്ങളും രുചിഭേദങ്ങളും ആസ്വദിക്കാനും ജനം ഇഷ്ടപ്പെടുന്നതായി ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഇവരെ ഉദ്ദേശിച്ച് സാംസ്കാരിക പരിപാടികളും കലാസന്ധ്യകളൂം ഹോട്ടലുകൾ സംഘടിപ്പിക്കുന്നുണ്ട്. സംഗീതം, നൃത്തപരിപാടികൾ, ഷോപ്പിംഗ് എന്നിവയെല്ലാമടങ്ങുന്ന പാക്കേജുകളാണ് ടൂറിസ്റ്റുകൾക്കായി വിവിധ ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്.
സീറ്റുകൾ ഇരട്ടിയാക്കുമെന്ന് ഹോസ്പിറ്റാലിറ്റി കോളജ്
മനാമ: ടൂറിസം രംഗത്ത് സാധ്യതകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ഹോസ്പിറ്റാലിറ്റി സ്ഥാപനമായ വറ്റേൽ ബഹ്റൈൻ. 33 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 55 ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനങ്ങളൂടെ ഭാഗമായാണ് വറ്റേൽ ബഹ്റൈൻ പ്രവർത്തിക്കുന്നത്. വറ്റേൽ ഫ്രാൻസുമായി ചേർന്ന് കോഴ്സ് നവീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
തൊഴിൽ കമ്പോളത്തിന്റെ സാധ്യതകൾക്കിണങ്ങുന്ന വിധമായിരിക്കും പാഠ്യപദ്ധതി നടപ്പാക്കുക. ഇൻർനാഷണൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ബിരുദാനന്തരകോഴ്സുകളും രണ്ടുവർഷത്തിനുള്ളിൽ ആരംഭിക്കും. ആദ്യ രണ്ടു ബാച്ചിലെ വിദ്യാർഥികളിൽ 48 ശതമാനം പേർക്കും കോഴ്സ് പൂർത്തിയാകുന്നതിനുമൂൻപുതന്നെ ജോലി ഓഫർ ലഭിച്ചെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.