ഈദ്: 14 വരെ ആഘോഷപരിപാടികളൊരുക്കി ടൂറിസം മന്ത്രാലയം
text_fieldsമനാമ: ചെറിയ പെരുന്നാൾ വേളയിൽ പൊതുജനങ്ങൾക്കും സന്ദർശകർക്കുമായി വ്യത്യസ്ത ആഘോഷ പരിപാടികളൊരുക്കുകയാണ് ടൂറിസം മന്ത്രാലയം. സന്ദർശകർക്ക് ഗംഭീര കലാനുഭവം ഉറപ്പുനൽകുന്ന നിരവധി വിനോദ പരിപാടികളാണ് ഒരുക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) പറയുന്നു.
മനാമയിലെ കൾചറൽ ഹാളിലും ബുസൈതീനിലെ മുഹറഖ് മോഡൽ യൂത്ത് സെന്റർ തിയറ്ററിലും ഈദുൽ ഫിത്റിന്റെ ആദ്യദിനം മുതൽ കോമഡി ഷോ, നാടകങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
നിരവധി റീട്ടെയിൽ സെന്ററുകളിൽ വ്യത്യസ്ത ആക്ടിവിറ്റികൾ, സംഗീതം, ലൈറ്റ് ഷോകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ അൽ ദാന ആംഫി തിയറ്ററിൽ നിരവധി തത്സമയ സംഗീതപരിപാടികൾ നടക്കും. ലോക പ്രശസ്തരായ മുഹമ്മദ് അബ്ദു, ഖാലിദ് അൽ ശൈഖ്, അംർ ദിയാബ്, മെട്രോ ബൂമിൻ തുടങ്ങിയവർ ഉൾപ്പെടെ നിരവധി പ്രഗത്ഭരുടെ പരിപാടികൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ബഹ്റൈനിന്റെ സംസ്കാര വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ടൂറിസം ഇവന്റുകളാണ് ഒരുക്കുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു.
സുഖ് അൽ ബറാഹ, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസ്, ബഹ്റൈൻ ഹാർബർ, വിവിധ ഷോപ്പിങ് സെന്ററുകൾ എന്നിവയിലും ‘റമദാൻ ഇൻ ബഹ്റൈനിന്റെ’ ഭാഗമായി പരിപാടികൾ നടക്കും.
ലോകമെമ്പാടുമുള്ള സന്ദർശകർക്ക് മുൻനിര ഹോട്ടലുകളിലും റിസോർട്ടുകളിലും ആഡംബരപൂർണമായ താമസം ആസ്വദിക്കാൻ അവസരമുണ്ട്. ‘റമദാൻ ഇൻ ബഹ്റൈൻ’ ഇവന്റുകളെയും സമയങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, calendar.bh അല്ലെങ്കിൽ @calendar.bh എന്നിവ സന്ദർശിക്കുക.
സാറാ ബുഹിജ്ജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.