തെരഞ്ഞെടുപ്പ് കാലം സ്വന്തം വീട്ടിലെ കല്യാണം പോലെ
text_fieldsതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പാർട്ടി പ്രവർത്തകർക്ക് സ്വന്തം വീട്ടിൽ കല്യാണം നടക്കുന്നതുപോലെയാണ്. അഹോരാത്രം പണിയായിരിക്കും. പോസ്റ്റർ ഒട്ടിക്കൽ, ചുമർ ബുക്ക് ചെയ്യൽ, ഫ്ലെക്സ് ബോർഡ് വെക്കൽ, ഭവനസന്ദർശനം അങ്ങനെ പോകും കാര്യങ്ങൾ. കെ.എസ്.യു ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കായംകുളം ടൗൺ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ നാട്ടിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ നിരവധി തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ഗതകാല സ്മരണകൾ ഉണർത്തുന്ന നാട്ടിലെ തെരഞ്ഞെടുപ്പ് ഓർമകൾ മനസ്സിന് സന്തോഷം നൽകും. അതിനിടെ നേതാക്കളുടെ പ്രചാരണ സമ്മേളനം നടക്കുമ്പോൾ അതിന്റെ വിജയത്തിനായി ഓടിനടക്കണം. സ്വന്തം ബൂത്ത് കൂടാതെ ചുമതലയുള്ള ബൂത്തുകളുടെ കാര്യംകൂടി നോക്കണം.
തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് എതിർ പാർട്ടിക്കാരുമായി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവര് കണ്ടുവെച്ച സ്ഥലമാണ് എന്ന് പറഞ്ഞാകും പ്രശ്നം. ചില വിരുതന്മാർ എതിർ സ്ഥാനാർഥിയുടെ പോസ്റ്ററിന്റെ മുകളിൽ കയറ്റി ഒട്ടിക്കും. ചിലർ അവർ ബുക്ക് ചെയ്ത മതിലിൽ പോസ്റ്റർ ഒട്ടിക്കും. രണ്ടുകൂട്ടരിലും ഇത്തരം പ്രശ്നക്കാർ കാണും. തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശ ദിവസമാണ് കൂടുതൽ പ്രശ്നസാധ്യത.
പ്രധാന ജങ്ഷൻ കേന്ദ്രീകരിച്ചാകും രണ്ടുകൂട്ടരും ഉണ്ടാകുക. അവിടെ മൈക്ക് ഉച്ചത്തിൽവെച്ച് അനൗൺസ്മെന്റ് മത്സരമാണ്. കൊടി ഏറ്റവും ഉയരത്തിൽ കയറി പാറിക്കാനുള്ള മത്സരമാണ് അപകടകരം. അങ്ങനെ കയറി ഒരാൾക്ക് ഗുരുതര പരിക്ക് സംഭവിച്ചത് ഈ അവസരത്തിൽ ഓർത്തുപോകുകയാണ്.
പോളിങ് ദിനം ബൂത്തിലാണ് ഏറെ രസകരമായ കാര്യങ്ങൾ അരങ്ങേറുന്നത്. മരിച്ച ആളുകളും ഗൾഫിലുള്ള ആളുകളുമൊക്കെ വോട്ട് ചെയ്യാൻ വരും. ചില വിരുതന്മാർ ഒന്നിലധികം വോട്ട് ചെയ്യാൻ വരും. അതിൽ വനിതകളും ഉണ്ടെന്നതാണ് കൗതുകം ഉണർത്തുന്നത്. അത്തരക്കാരെ പിടികൂടുമ്പോഴാണ് അടുത്ത തർക്കം ഉണ്ടാകുക. അങ്ങനെ നിരവധി രസകരമായതും സംഭവബഹുലവുമായ ഓർമകളാണ് പ്രവാസലോകത്തിരുന്ന് നാട്ടിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.