ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച് എംബസി ഓപൺ ഹൗസ്
text_fieldsമനാമ: ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടി ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ എഴുപതിലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് സംഘടിപ്പിച്ച 32ാമത് ബഹ്റൈൻ ഇന്റർനാഷനൽ മ്യൂസിക്കൽ ഫെസ്റ്റിവലിനെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. സംഗീത പരിപാടിയിൽ ഇന്ത്യൻ, ബഹ്റൈൻ കമ്യൂണിറ്റി അംഗങ്ങളുടെ വലിയ പ്രാതിനിധ്യമുണ്ടായത് സന്തോഷകരമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറച്ച ബന്ധത്തിന്റെ സൂചകമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്റൈൻ സർക്കാറിന്റെയും ഭരണാധികാരികളുടെയും തുടർച്ചയായ പിന്തുണക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. എംബസിയും സർക്കാർ അതോറിറ്റികളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുജോലിക്കാർ ഉൾപ്പെടെ ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് താമസസൗകര്യവും എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഐ.സി.ഡബ്ല്യു.എഫിലൂടെ എംബസി നൽകിയിട്ടുണ്ട്. ഓപൺ ഹൗസിൽ പങ്കെടുത്തവർ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും. ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.