ബഹ്റൈൻ വിദേശകാര്യ മന്ത്രിയെ ഖത്തർ അമീർ സ്വീകരിച്ചു
text_fieldsമനാമ: ഖത്തർ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു. ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അനുസ്മരിച്ച അമീർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ മന്ത്രിയിൽ നിന്നും സ്വീകരിച്ചു.
ബഹ്റൈൻ ഭരണാധികാരികൾക്ക് പ്രത്യഭിവാദ്യം അറിയിക്കുന്നതിന് ഖത്തർ അമീർ മന്ത്രി സയാനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 33ാമത് അറബ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ബഹ്റൈന് ഖത്തർ അമീർ അഭിവാദ്യങ്ങൾ നേരുകയും ചെയ്തു.
ഖത്തർ-ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
മനാമ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും തമ്മിൽ ദോഹയിൽ കൂടിക്കാഴ്ച നടന്നു.
വിവിധ അബ്, ജി.സി.സി രാഷ്ട്രങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് മന്ത്രി ഖത്തറിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
ജി.സി.സി, അറബ് ലീഗ് കൂട്ടായ്മകളിലൂടെ വിവിധ രാജ്യങ്ങൾ തമ്മിൽ കൂടുതൽ ചേർന്ന് നിൽക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും സാധ്യമാകുമെന്ന പ്രതീക്ഷയും ഇരുപേരും പങ്കുവെച്ചു. ഫലസ്തീൻ അടക്കമുള്ള മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ചയായി. ഗസ്സയിൽ അടിയന്തിര വെടിനിർത്തൽ ആവശ്യമാണെന്നും സാധാരണക്കാരുടെ ജീവൻ രക്ഷിക്കുന്നതിനും അവിടേക്ക് സഹായങ്ങളെത്തിക്കുന്നതിനും മേഖല സമാധാനം പ്രാപിക്കുന്നതിനും കൂടുതൽ ശ്രമങ്ങളുണ്ടാവേണ്ടതുണ്ടെന്നും അഭിപ്രായമുയർന്നു.
മെയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടി വിജയകരമാകട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.