എമിറേറ്റ്സ് എയർബസ് എ380; പറക്കുന്ന കൊട്ടാരം ബഹ്റൈനിൽ
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2024ന്റെ സുപ്രധാന ആകർഷണമാണ് എമിറേറ്റ്സിന്റെ എയർബസ് എ380. രണ്ടു നിലകളും നാലു എൻജിനുമുള്ള വിമാനം അക്ഷരാർഥത്തിൽ ഒരു പറക്കുന്ന കൊട്ടാരമാണ്. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ് എ380. സൂപ്പർ ജംബോ എന്ന പേരിലും എ380 അറിയപ്പെടുന്നു.
മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയിൽ 525 യാത്രക്കാരെയും ഇക്കണോമി വിഭാഗം മാത്രമുള്ള രീതിയിൽ 853 യാത്രക്കാരേയും ഉൾക്കൊള്ളാൻ എ380 ക്ക് കഴിയും. രണ്ട് നീലത്തിമിംഗലങ്ങളുടെ നീളവും അഞ്ച് ജിറാഫുകളുടെ പൊക്കവുമുണ്ട്. നവീകരിച്ച ഇന്റീരിയറും ഏറ്റവും പുതിയ തലമുറ ആഡംബര സീറ്റുകളുമാണ് എമിറേറ്റ്സിന്റെ പുതിയ എ380 വിമാനങ്ങളുടെ പ്രത്യേകത.
ക്രീം ടോണുകളിലുള്ള വിശാലമായ കാബിൻ ആകർഷണീയമാണ്. പുതിയ പ്രീമിയം ഇക്കണോമി കാബിനിൽ ഫസ്റ്റ് ക്ലാസ് ഷവർ സ്പായടക്കം സജ്ജീകരിച്ചിരിക്കുന്നു. ഫസ്റ്റ് ക്ലാസ് കാബിൻ സീറ്റ് സീറോ ഗ്രാവിറ്റി മോഡിലേക്ക് സജ്ജമാക്കാൻ കഴിയും. എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ബിസിനസ് ക്ലാസിൽ ഫ്ലൈറ്റ് റിഫ്രഷ്മെന്റുകളും 20-ഇഞ്ച് എച്ച്.ഡി ടി.വിയും സുഖമായി കിടന്നുറങ്ങാനുള്ള സൗകര്യവുമുണ്ട്. പ്രീമിയം ഇക്കോണമി കാബിൻ, ഇക്കണോമി ക്ലാസ് എന്നിവയും മികച്ച സൗകര്യങ്ങൾ നൽകുന്നവയാണ്.
ബഹ്റൈൻ വലിയ രീതിയിൽ രൂപാന്തരപ്പെട്ടിരിക്കുകയാണെന്നും അടുത്ത വർഷം വലിയതോതിൽ ട്രാവൽ ഡിമാൻഡുണ്ടെന്നും എമിറേറ്റ്സ് എയർലൈൻ പാസഞ്ചർ സെയിൽസ് ആൻഡ് കോ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് നബീൽ സുൽത്താൻ പറഞ്ഞു.
ആഡംബര ഹോട്ടലുകളും അന്താരാഷ്ട്ര ബിസിനസുകളും ബഹുരാഷ്ട്ര ബാങ്കുകളും മറ്റു കോർപറേറ്റ് സ്ഥാപനങ്ങളും ഇവിടെയുണ്ട്. മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് എമിറേറ്റ്സ് സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണ്. പുതുതായി അവതരിപ്പിച്ച പ്രീമിയം ഇക്കോണമി ഉൾപ്പെടെ എമിറേറ്റ്സിന്റെ യാത്രാ ക്ലാസുകളുടെ ശ്രേണി ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.