സ്വദേശി തൊഴിലവസരം; പ്രത്യേക പദ്ധതിയൊരുക്കുമെന്ന് മന്ത്രിസഭ
text_fieldsമനാമ: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാൻ പദ്ധതിയൊരുക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനും തീരുമാനിച്ചു. നിക്ഷേപ പദ്ധതികളുമായി കരാറിലേർപ്പെട്ട് അതുവഴി സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കും. സാമ്പത്തിക ഉത്തേജന പാക്കേജിൽ ഊന്നൽ നൽകിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാനും അതുവഴി സാമ്പത്തിക വളർച്ച ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ കമ്പനികളുമായി നടത്തുന്ന സഹകരണക്കരാർ വഴി 500 പുതിയ തൊഴിലവസരം സൃഷ്ടിക്കും. 50 ദശലക്ഷം ഡോളറിൽ കൂടുതൽ മുതൽ മുടക്കുള്ള നിക്ഷേപ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. നിക്ഷേപകർക്ക് യോജിച്ച ഇടമായും മൽസരാധിഷ്ഠിത കമ്പോളമായും ബഹ്റൈനെ മാറ്റുന്നതിനുതകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുക. നിക്ഷേപ പദ്ധതികൾക്കായി പ്രത്യേക ഭൂമി ഏറ്റെടുത്ത് അവിടെ അടിസ്ഥാന സൗകര്യം ഒരുക്കും.
സിജില്ലാത്, ബിനായാത് തുടങ്ങിയ സർക്കാർ സേവന സിസ്റ്റങ്ങളിൽ നിക്ഷേപകർക്ക് പ്രത്യേക പാക്കേജ് നൽകും. തംകീൻ തൊഴിൽ ഫണ്ട്, ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുമായി സഹകരിക്കുകയും അവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈന്‍റെ ബഹ്റൈൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും വിവിധ മേഖലകളിലുള്ള സഹകരണത്തിനും ആക്കം കൂട്ടുമെന്ന് കാബിനറ്റ് വിലയിരുത്തി. മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പോംവഴികൾ ഇരുരാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതും നേട്ടമാണ്.
അബൂദബി കിരീടാവകാശിയായി നിയമിതമനായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ ഉപപ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽനഹ്യാൻ, അബൂദബി വൈസ് പ്രസിഡന്‍റുമാരായ നിയമിതരായ ശൈഖ് ഹസാഅ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്ക് കാബിനറ്റ് ആശംസ നേർന്നു. ലോകമെമ്പാടും സ്നേഹവും സമാധാനവും ശക്തിപ്പെടുത്താൻ കഴിയട്ടെയെന്ന് കാബിനറ്റ് ആശംസിച്ചു. ഏപ്രിൽ അഞ്ച് അന്താരാഷ്ട്ര മന:സ്സാക്ഷി ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണിത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സേവനങ്ങളെ പ്രകീർത്തിക്കുന്നതായി ലോകാരോഗ്യ ദിനമാചരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ മന്ത്രിസഭ വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.