മനാമ ഡയലോഗ് 2023; ഗസ്സയിലെ അക്രമപരമ്പര അവസാനിപ്പിക്കണം -കിരീടാവകാശി
text_fieldsമനാമ: ബന്ദികളാക്കിയവരെയും സിവിലിയന്മാരെയും മോചിപ്പിക്കുകയും ഗസ്സയിലെ അക്രമ പരമ്പര അവസാനിപ്പിക്കുകയും ചെയ്യണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) റീജനൽ സെക്യൂരിറ്റി സമ്മിറ്റിന്റെ 19ാമത് എഡിഷൻ: ദി മനാമ ഡയലോഗ് 2023, ഉദ്ഘാടനച്ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കിരീടാവകാശി.
ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മോചിപ്പിക്കണം. പകരം ഇസ്രായേൽ തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിലൂടെ കുറച്ച് ദിവസത്തേക്ക്, ആഴ്ചകളിലേക്ക്, മാസങ്ങളിലേക്ക് അല്ലെങ്കിൽ വർഷങ്ങളോളം സമാധാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിവിലിയൻസിനെ മോചിപ്പിക്കുകയും ഗസ്സയിലേക്ക് മാനുഷിക സഹായം സുരക്ഷിതമായി എത്തിക്കാൻ അവസരം നൽകുകയും ചെയ്യണം. അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി നടപ്പാക്കണം. ദുർബലരെയും യുവാക്കളെയും രോഗികളെയും പരിചരിക്കാൻ സൗകര്യമേർപ്പെടുത്തണമെന്നും ഗസ്സയിൽ മരുന്നും ഇന്ധനവും ഭക്ഷണവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം അപലപനീയമാണ്. ഗസ്സയിൽ 11,000ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. അതിൽ 4,700 പേർ കുട്ടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പ്രവൃത്തികൾ മനുഷ്യരാശിയെ മുഴുവനും നശിപ്പിക്കുന്നതിന് തുല്യമാണ്. ഗസ്സയിൽനിന്ന് ഒരിക്കലും ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാൻ പാടില്ല. ഗസ്സയിൽ വീണ്ടും അധിനിവേശം ഉണ്ടാകരുത്. ശാശ്വതമായ സമാധാനം ഉറപ്പാക്കാൻ, ഫലസ്തീൻ ജനതക്ക് ശക്തവും ഏകീകൃതവുമായ നേതൃത്വം വാഗ്ദാനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കിരീടാവകാശി നിർദേശിച്ചു. സ്വതന്ത്ര ഫലസ്തീനിയൻ രാഷ്ട്രമാണ് വേണ്ടത്.
നയതന്ത്ര നടപടികളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലും സംഘർഷം പരിഹരിക്കപ്പെടണമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതിലൂടെയല്ലാതെ അവിടെ സമാധാനം സ്ഥാപിക്കപ്പെടുകയില്ല. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് അമേരിക്കക്കാണ് വഹിക്കാൻ സാധിക്കുക. ഫലസ്തീൻ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് അമേരിക്ക മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഡിൽ ഈസ്റ്റിലെയും ലോകരാജ്യങ്ങളിലെയും രാഷ്ട്രീയ, പ്രതിരോധ, സുരക്ഷാ പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യും. മേഖലയിലും ആഗോളതലത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങളും സമ്മേളനത്തിന്റെ അജണ്ടയിലുണ്ട്. ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരും പങ്കെടുക്കുന്നുണ്ട്. റിറ്റ്സ്-കാൾട്ടൺ ബഹ്റൈനിൽ നടക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.