പൊതുമുതല്‍ അന്യാധീനപ്പെടാതിരിക്കാന്‍ സുതാര്യത ഉറപ്പാക്കും –മന്ത്രിസഭായോഗം
text_fieldsമനാമ: പൊതുമുതല്‍ അന്യാധീനപ്പെടാതിരിക്കാന്‍ കൂടുതല്‍ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ നടപ്പാക്കുകയും അഴിമതിയും ധൂര്‍ത്തും ഇല്ലാതാക്കുകയും ചെയ്യും. ഇതിന് വിവിധ മന്ത്രാലയങ്ങളും അതോറിറ്റികളും സ്വന്തമായും അല്ലാതെയും പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.
സുതാര്യമായ പ്രവര്‍ത്തനംവഴി പൊതുമുതല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധിച്ചതായി മന്ത്രിസഭ വിലയിരുത്തി.
ബ്രസീല്‍ പ്രസിഡൻറുമായി ഹമദ് രാജാവ് ഓണ്‍ലൈനില്‍ നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. വിവിധ രാജ്യങ്ങളുമായി ബഹ്റൈന്‍ പുലർത്തുന്ന നയതന്ത്രബന്ധവും സഹകരണവും നിലനിര്‍ത്താന്‍ കോവിഡ് കാലത്തും സാധിക്കുന്നത് നേട്ടമാണെന്നും അഭിപ്രായപ്പെട്ടു. ഗള്‍ഫ് യൂനിയെൻറ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അല്‍ ഉല ഉച്ചകോടിയിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ബഹ്റൈെൻറ താല്പര്യവും ചര്‍ച്ചയായി. അംഗരാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അംഗീകരിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള തീരുമാനം എടുത്തുപറയേണ്ടതാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും അഭിപ്രായമുയര്‍ന്നു.
വസ്ത്രങ്ങള്‍, സാധനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും വില്പനയും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണകാര്യ മന്ത്രാലയ സമിതിയുടെ നിര്‍ദേശം അംഗീകരിച്ചു. തൊഴിലാളികളുടെ വേതനം അതത് മാസം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വേതനസംരക്ഷണ നിയമം നടപ്പാക്കുന്നതിനുള്ള നിര്‍ദേശത്തിനും അംഗീകാരമായി.
സിവില്‍, വാണിജ്യനിയമങ്ങളില് ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ, ഇസ്ലാമിക കാര്യ, ഒൗഖാഫ് മന്ത്രിയുടെ നിര്‍ദേശം കാബിനറ്റ് അംഗീകരിച്ചു. രാജ്യത്തെ രാസായുധ നിരോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാസായുധ നിര്‍വ്യാപന ഓര്ഗനൈസേഷന് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടും പ്രഖ്യാപനവും ചര്‍ച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.