രാജ്യത്തിന്റെ യശസ്സുയർത്താൻ എല്ലാവരും ശ്രമിക്കണം -ഹമദ് രാജാവ്
text_fieldsമനാമ: സഖീർ പാലസിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികളിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പങ്കെടുത്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഹമദ് രാജാവ് ദേശീയദിന സന്ദേശം നൽകി.
ബഹ്റൈൻ ഒറ്റകുടുംബം പോലെ സാഹോദര്യത്തിലും ഐക്യത്തിലും പരസ്പര സ്നേഹത്തിലും മുന്നോട്ടുപോകാൻ സാധിക്കണമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്റെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിനമാണിത്. ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ച്, രാജ്യത്തിന്റെ യശസ്സുയർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിലും ശാന്തിയിലും സന്തോഷത്തിലും കഴിയുന്ന ഒരു ജനതയെയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. പുരോഗതിയും വളർച്ചയും നേടിയെടുക്കാൻ സാമധാനപൂർണമായ അന്തരീക്ഷം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നതമായ മാനവിക ബോധവും സാംസ്കാരികമായ ഔന്നത്യവും ബഹ്റൈനെ വ്യതിരിക്തമാക്കുന്ന ഘടകങ്ങളാണ്. രാജ്യത്തോട് കൂറും സ്നേഹവും പ്രകടിപ്പിക്കുന്ന ജനങ്ങളാൽ സമ്പുഷ്ടമാണീ ദേശം. തങ്ങളുടെ അധ്വാന പരിശ്രമങ്ങൾ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വളർച്ചക്കുമായി സമർപ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവനാളുകൾക്കും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി. നാം വിതച്ച വിത്തുകളുടെ ഫലം കൊയ്തെടുത്തു കൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണിത്. ഉന്നതമായ ആത്മാഭിമാനത്തോടെയും ഉയർന്ന അന്തസ്സോടെയും സുഭിക്ഷതയോടെയും സമാധാനത്തോടെയും നമുക്കീ രാജ്യത്ത് ജീവിക്കാൻ കഴിയേണ്ടതുണ്ട്. അതിനായി ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അവകാശങ്ങൾ കവർന്നെടുക്കപ്പെട്ട ഫലസ്തീനികളെ ഓർത്തുകൊണ്ടാണ് ഹമദ് രാജാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. തട്ടിയെടുക്കപ്പെട്ട അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളേണ്ടത് ബഹ്റൈന് അതിന്റെ ഉത്തരവാദിത്തമായി മനസ്സിലാക്കുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്നതാണ് പ്രശ്ന പരിഹാരമെന്നതാണ് ബഹ്റൈൻ നിലപാട്. അതിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശേഷം വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ചവരെ മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സദസ്സിനെ അഭിസംബോധന ചെയ്തു.
ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ, റഷീദ് ബിൻ മുഹമ്മദ് അൽ മിഅ്റാജ്, ബ്രിഗേഡിയർ ജനറൽ ആദിൽ അബ്ദുല്ല ബനീ ഹമ്മാദ്, ബ്രിഗേഡിയർ ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ, ബ്രിഗേഡിയർ ഫവാസ് ഈസ അൽ ഹസൻ, ശൈഖ് ഖാലിദ് ബിൻ റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, കേണൽ മുഹമ്മദ് മുബാറക് അൽ റുമൈഥി, ഹസൻ അലി ജാസിർ അൽ മരി, ഡോ. അബ്ദുറഹ്മാന മുഹമ്മദ് ബഹർ, ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ, ഡോ. ഖലീഫ ബിൻ അലി അൽ ഫാദിൽ, മുഹമ്മദ് സൈഫ് ശൈഖാൻ, ശൈഖ് മശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ, ഖലീൽ അബ്ദുറസൂൽ ബുച്ചീരി, സഹർ റാശിദ് അൽ മന്നാഇ, ഡോ. മുഹമ്മദ് ഗസ്സാൻ ശൈഖു, ബത്സി ബൻതീത് മാസൂസൻ അബ്ദുറഹ്മാൻ, ശഹ്നാസ് ജാബിർ ഹാജി ജമാൽ, അബ്ദുൽ വഹാബ് യൂസുഫ് അൽ ഹവാജ്, ഖാലിദ് മുഹമ്മദ് നജീബി, സൽവ ബഖീത് ഇദ്രീസ് ബഖീത്, ജാസിം അഹ്മദ് ബൂ സാലിഹ്, ശൈഖ് മആദ് ബിൻ ദുഐജ് ആൽ ഖലീഫ, മുഹമ്മദ് സാലിഹ് അൽ കഅ്ബി, ഇസ്മത് ജഅ്ഫർ അക്ബർ തുടങ്ങി 53 പേരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.