രൂപയുമായുള്ള വിനിമയ നിരക്കിൽ ബഹ്റൈൻ ദീനാറിന് കുതിപ്പ്
text_fieldsമനാമ: ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ ബഹ്റൈൻ ദീനാറിന് സർവകാല റെക്കോഡ്. രൂപക്കെതിരെ ബഹ്റൈൻ ദീനാറിന്റെ നിരക്ക് 222.37 ആയി ഉയർന്നു. ഒരാഴ്ചയായി ദീനാർ ഉയർന്ന നിരക്കിൽ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിനെതിരെ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ ഇടിവും യു.എസിലെ പ്രതിസന്ധിയും സൃഷ്ടിച്ച അങ്കലാപ്പിൽ ഗൾഫ് കറൻസികൾക്കാകമാനം നേട്ടമുണ്ടായിട്ടുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനും ഇത് നല്ലകാലമാണെന്ന് വിലയിരുത്തപ്പെടുന്നു.
യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ ഓഹരി വിപണി തകർന്നടിഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തിയതുമാണ് ഗൾഫ് രാജ്യങ്ങളിലെ കറൻസിയിൽ കാര്യമായ നേട്ടമുണ്ടാവാൻ കാരണം. ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതിയും വിപണിയെ സ്വാധീനിച്ചു. നിലവിൽ ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84 രൂപക്ക് മുകളിലാണുള്ളത് .
യു.എ.ഇ ദിർഹം, കുവൈത്ത് ദിനാർ, ഖത്തർ റിയാൽ ഉൾപ്പെടെ മറ്റു ഗൾഫ് കറൻസികളും രൂപക്കെതിരെ റെക്കോഡ് കുതിപ്പാണ് കൈവരിക്കുന്നത്. ഒരു യു.എ.ഇ ദിർഹമിന് 22.77 ഇന്ത്യൻ രൂപയാണ് കഴിഞ്ഞ ദിവസത്തെ നിരക്ക്. രൂപക്കെതിരെ കുവൈത്ത് ദീനാർ 275ന് മുകളിലെത്തി. ഒരു മാസം മുമ്പ് കുവൈത്ത് ദീനാറിന് 272 രൂപയായിരുന്നു. ഖത്തർ റിയാലിന് 22.90 ആണ് നിരക്ക്.
ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ച ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടിഞ്ഞതിനെത്തുടർന്ന് രൂപയുടെ മൂല്യവും ഇടിഞ്ഞിരുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഇടിവ് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നുവെങ്കിലും ഇത്ര വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.