ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്റൈനിലും ആഘോഷം
text_fieldsമനാമ: ആർ.എം.പി പ്രവർത്തകരുടെ ബഹ്റൈനിലെ കൂട്ടായ്മയായ നൗക ബഹ്റൈൻ മനാമ അൽ ഹമ്ര തിയറ്ററിന് അടുത്തുവെച്ച് പായസം വിതരണം നടത്തി ഷാഫി പറമ്പിലിന്റെ വിജയം ആഘോഷിച്ചു.
സി.പി.എമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങ്ങളുടെ വിധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്റൈൻ പറഞ്ഞു. പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ് പുത്തോളി, ബാബു വള്ളിയാട്, രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മോദി സർക്കാറിന്റെ ഹിന്ദുത്വ അജണ്ടക്കേറ്റ തിരിച്ചടി -സുബൈർ കണ്ണൂർ
മനാമ: ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാറിന്റെ ഹിന്ദുത്വ അജണ്ടക്കേറ്റ തിരിച്ചടിയാണെന്ന് ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരിയുമായ സുബൈർ കണ്ണൂർ.
ഇൻഡ്യ മുന്നണിയുടെ മുന്നേറ്റം ജനാധിപത്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. ഔദ്യോഗിക പ്രതിപക്ഷം പോലും ഇല്ലാതിരുന്ന അവസ്ഥയിൽനിന്ന്, ശക്തമായ പ്രതിപക്ഷം ഉണ്ടായിരിക്കുന്നു. കൂടുതൽ കെട്ടുറപ്പോടെ ഇൻഡ്യ മുന്നണി മുന്നോട്ടുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജനക്ഷേമകരമായ നയങ്ങളും നടപടികളുമായി മുന്നോട്ടുപോയിരുന്ന കേരളത്തിലെ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല എന്നത് വസ്തുതയാണ്.
കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ വോട്ട് എന്നനിലയിൽ മാത്രം ജനം ചിന്തിച്ചതുകൊണ്ടാണ് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാതിരുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ഇടമൊരുക്കിയത് ആരാണെന്നും ആരുടെ വോട്ടാണ് അവിടെ നഷ്ടപ്പെട്ടതെന്നും ജനത്തിന് വ്യക്തമായി. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഇടതുമുന്നണി ശക്തമായി തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയം -ഐ.വൈ.സി.സി
മനാമ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതും മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതുമാണെന്ന് ഐ.വൈ.സി.സി. രാഹുൽ ഗാന്ധിയുടെ വിജയമായി ഇതിനെ വിലയിരുത്താം. നരേന്ദ്ര മോദിയുടെ അഹങ്കാരത്തിന് ജനങ്ങൾ തിരിച്ചടി നൽകിയെന്നുവേണം കരുതാൻ.
ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മാറിനിൽക്കണം. മതേതരത്വ ഇന്ത്യക്കായ് പോരാട്ടം നയിച്ച ഇന്ത്യ മുന്നണി നേതാക്കളെയും വോട്ടർമാരെയും അഭിനന്ദിക്കുന്നതായി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
കേരളത്തിലെ യു.ഡി.എഫിന്റെ വിജയം പിണറായി വിജയൻ സർക്കാറിന്റെ ധാർഷ്ട്യത്തിനേറ്റ അടിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയായി തുടരുവാൻ ധാർമിക അവകാശമുണ്ടോയെന്നുകൂടി ആത്മ പരിശോധന നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എണ്ണയിട്ട യന്ത്രം പോലെ കേരളത്തിൽ പ്രവർത്തിച്ച യു.ഡി.എഫ് നേതൃത്വത്തെയും നിയുക്ത എം.പിമാരെയും അഭിനന്ദിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.