ടൂറിസം സീസണിന് ആവേശകരമായ തുടക്കം;ആദ്യ ക്രൂസ് കപ്പലെത്തി
text_fieldsമനാമ: 2024 -2025 സീസണിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ക്രൂസ് കപ്പൽ ബഹ്റൈൻ തീരത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച പാരിസ്ഥിതിക വികസിത ക്രൂസ് കപ്പലുകളിലൊന്നായ എം.എസ്.സി യൂറിബിയയാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിട്ടത്. ബഹ്റൈൻ ആതിഥ്യമര്യാദയുടെ ഊഷ്മളത സന്ദർശകർക്ക് പകർന്നുകൊണ്ട് വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു.
തുറമുഖത്തെ അത്യാധുനിക ക്രൂസ് ടെർമിനൽ ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രൂസ് കപ്പലുകളെ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. വരും ദിവസങ്ങളിൽ ഇനിയും നിരവധി ക്രൂസ് കപ്പലുകൾ തീരത്തടുക്കും.
തടസ്സങ്ങളില്ലാതെ യാത്രക്കാരെ സ്വീകരിക്കാനും മുൻനിര സൗകര്യങ്ങൾ ഏർപ്പെടുത്താനുമുള്ള ശേഷി തുറമുഖത്തിനുണ്ട്. ആഗോള ക്രൂസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറിയിട്ടുണ്ട്. എം.എസ്.സി യൂറിബിയ ഈ സീസണിലെ പ്രധാന കപ്പലുകളിലൊന്നായിരിക്കും.
320 ദശലക്ഷം ദീനാർ നിർമാണ ചെലവുള്ള കപ്പൽ
2023ൽ നിർമിച്ച ഈ കപ്പലിന് ഏകദേശം 320 ദശലക്ഷം ദീനാർ നിർമാണ ചെലവ് കണക്കാക്കുന്നു. കൂടാതെ ഊർജക്ഷമതയും 23 നോട്ട് വേഗത്തിൽ സഞ്ചരിക്കാനുമാകും. നൂതനമായ ഓൺ-ബോർഡ് മലിനജല സംസ്കരണ സംവിധാനം ഇതിലുണ്ട്. ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നത്.
ഇതുവഴി മലിനജല നിർഗമനം 99 ശതമാനം കുറക്കാൻ കഴിയും. ഇത് എ.പി.എം ടെർമിനലിന്റെ ഡീകാർബണൈസേഷൻ നയവുമായും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായും യോജിക്കുന്നതാണ്.
6300ലധികം വിനോദസഞ്ചാരികൾക്കും 1700ലധികം ജോലിക്കാർക്കും താമസിക്കാൻ കഴിയുന്ന ഏകദേശം 2419 കാബിനുകൾ കപ്പലിലുണ്ട്. ലക്ഷ്വറി ബ്രാൻഡ് ഷോപ്പിങ്, പൂളുകൾ, സ്പാ, വെൽനസ് സെന്റർ, കുട്ടികൾക്കും മുതിർന്നവർക്കുമായി എന്റർടൈൻമെന്റ് ഏരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
യൂറോപ്പിലെയും അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്ത് കൂടുതൽ ഊഷ്മളമായ കാലാവസ്ഥ ആസ്വദിക്കാനാണ് സഞ്ചാരികൾ ഈ സീസൺ ഉപയോഗപ്പെടുത്തുന്നത്. ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവയടക്കം കപ്പലിന്റെ റൂട്ടിൽ ഉൾപ്പെടുന്നു.
മറൈൻ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും ടൂറിസം വർധിപ്പിക്കാനുമുള്ള ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി കൂടുതൽ യാനങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.