പ്രവാസി തൊഴിലാളികൾക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ
text_fieldsമനാമ: വിദേശ തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി രാജ്യത്ത് സെപ്റ്റംബറോടെ ആരംഭിക്കും. ഹക്കീം(ജ്ഞാനി) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 2024 ഓടെ പദ്ധതി പൂർണമായും നടപ്പിൽ വരുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ നവഖാദ പറഞ്ഞു. ഹക്കീം പദ്ധതിയിൽ രണ്ടു പ്രോഗ്രാമുകളുണ്ടായിരിക്കും.
ഒന്ന് നിർബന്ധിതവും മറ്റൊന്ന് ആവശ്യക്കാർക്കു മാത്രം ചേരാവുന്നതുമാണ്. നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് വിദേശികളായ തൊഴിലാളികൾക്കുവേണ്ടിയുള്ളതാണ്. ഇതിനാവശ്യമായ തുക തൊഴിലുടമയോ സ്പോൺസറോ നൽകണം. ഇതിൽ ചേരുന്നത് വഴി പ്രാഥമിക ചികിത്സ സൗകര്യങ്ങൾ നിശ്ചിത പ്രായപരിധിയിലുള്ള തൊഴിലാളികൾക്ക് ലഭിക്കും.
അടിയന്തര ചികിത്സയും ലഭിക്കും. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും ഇവർക്ക് ലഭിക്കുന്ന രീതിയിലാണ് ആലോചിക്കുന്നത്. എന്നാൽ, പ്രസവം, സൗന്ദര്യചികിത്സകൾ എന്നിവക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല.
ഓപ്ഷനലായ പദ്ധതിക്ക് തൊഴിലാളികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽനിന്നാണ് ഈ പാക്കേജ് എടുക്കേണ്ടത്. സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. അത് സ്വകാര്യ മേഖലയുടെ വളർച്ചക്കും കാരണമാകും. എന്നാൽ, സർക്കാർ ആശുപത്രികളിൽ പോകാനുള്ള അവകാശത്തെ തടയുമെന്ന് അതിന് അർഥമില്ലെന്നും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ പറഞ്ഞു.
എല്ലാ പദ്ധതികളും സെഹാതി ഇൻഷുറൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. പൗരന്മാർക്കും വിദേശികൾക്കും സഞ്ചാരികൾക്കും ആരോഗ്യപരിരക്ഷ നൽകുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.
സെഹാതി പ്രോഗ്രാമിൽ ആറു പാക്കേജുകളാണുള്ളത്. മൂന്നു പാക്കേജുകൾ സ്വദേശികൾക്കും രണ്ടു പാക്കേജുകൾ വിദേശ തൊഴിലാളികൾക്കും ഒരെണ്ണം സഞ്ചാരികൾക്കുമുള്ളതാണ്.
സ്വദേശികൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. ആവശ്യമാണെങ്കിൽ വിദേശത്ത് പോയി വിദഗ്ധ ചികിത്സ നേടാനുള്ള അവസരവും സ്വദേശികൾക്ക് പദ്ധതിയുടെ ഭാഗമായി കൈവരും. ‘സെഹാതി’ 2019ൽ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് മൂലം വൈകുകയായിരുന്നു. നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സമ്മേളനത്തിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളോട് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് സെക്രട്ടറി ജനറൽ ഇക്കാര്യങ്ങൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.