പ്രവാസി ലീഗൽ സെൽ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
text_fieldsപ്രവാസി ലീഗൽ സെൽ അധികൃതർ വി.ഡി. സതീശനുമായി കൂടിക്കാഴ്ചക്കിടെ
മനാമ: പ്രവാസി ലീഗൽ സെൽ ( പി.എൽ.സി) പ്രതിനിധികളും കേരള നിയമസഭ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. നോർക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട ഏകദേശം 25-ഓളം വിഷയങ്ങളിൽ പി.എൽ.സി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. പി.എൽ.സി ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പലതിലും ഗുണപരമായ സമീപനമാണ് പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
നോർക്ക റൂട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിത ശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യുക, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുടെ ബന്ധപ്പെട്ട തർക്കപരിഹാര സെൽ രൂപവത്കരിക്കുക, പബ്ലിക് -പ്രൈവറ്റ് പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാ ജില്ലകളിലും കെയർ ഹോമുകളും പ്രവാസി സ്പെഷാലിറ്റി ആശുപത്രികളും രൂപവത്കരിക്കുക, എൻ.ആർ.ഐ കമീഷൻ ചെയർമാനെ ഉടനെ നിയമിക്കുക, നോർക്ക റൂട്സിന്റെ സാന്ത്വന/ കാരുണ്യം പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഒന്നര ലക്ഷം രൂപയിൽ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തുക, സാന്ത്വന, കാരുണ്യ തുടങ്ങിയ പദ്ധതികളിൽനിന്നുള്ള ധനസഹായം പാവപ്പെട്ട പ്രവാസികൾക്ക് സമയബന്ധിതമായി ലഭിക്കുന്നതിന് പ്രത്യേക ഫണ്ട് ഏർപ്പെടുത്തുക, പ്രവാസി പെൻഷൻ 3500 രൂപയിൽനിന്നും 5000 രൂപയായി ഉയർത്തുക, മടങ്ങിവന്ന പ്രവാസികൾക്ക് ചികിത്സാ ഇൻഷുറൻസ് ഏർപ്പെടുത്തുക, നോർക്ക ലോൺ 20 ലക്ഷം രൂപയിൽ നിന്നും 50 ലക്ഷം രൂപയായി ഉയർത്തുക, പ്രവാസി ക്ഷേമനിധിയിൽ അം1ഗത്വത്തിനുള്ള പ്രായപരിധി എടുത്തുകളയുക, പ്രവാസി ക്ഷേമനിധിയിൽ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം തത്ത്വദീക്ഷയില്ലാതെ റദ്ദാക്കുന്ന പ്രവാസി ക്ഷേമബോർഡിന്റെ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങളാണ് പ്രതിപക്ഷനേതാവിന് സമർപ്പിച്ചത്.
നിവേദനങ്ങളിലെ ആവശ്യങ്ങൾ പ്രസക്തമാണെന്നും അവ വേണ്ടവിധത്തിൽ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കാമെന്നും പ്രതിപക്ഷനേതാവ് ഉറപ്പുനൽകി. പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ട്രഷറർ തൽഹത്ത് പൂവച്ചൽ, കമ്മിറ്റി അംഗങ്ങളായ ഷെരീഫ് കൊട്ടാരക്കര, ശ്രീകുമാർ, ജിഹാംഗിർ, നന്ദഗോപകുമാർ, നിയാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.