പ്രവാസി സംഘടനകൾ കൈകോർത്തു, ബഹ്റൈൻ പ്രവാസിക്ക് വീടൊരുങ്ങി
text_fieldsമനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തലശ്ശേരി സ്വദേശി ഷുക്കൂറിനായി പ്രവാസി സംഘടനകൾ കൈകോർത്തപ്പോൾ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പ്രമേഹം കൂടി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം നാല് ഓപറേഷനുകൾക്ക് വിധേയനായെങ്കിലും കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഇതിനിടയിലും അദ്ദേഹത്തെ അലട്ടിയിരുന്നത് വീടോ സ്വന്തമായി ഒരു സെന്റ് ഭൂമിയോ ഇല്ലെന്നതായിരുന്നു.
ഉമ്മയില്ലാതെ മൂന്നു മക്കൾ സഹോദരിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ആഗസ്റ്റിൽ തുടർചികിത്സക്ക് നാട്ടിലെത്തിയ ഇദ്ദേഹത്തിന് തണൽ ബഹ്റൈൻ ചാപ്റ്ററാണ് പ്രാരംഭ ചികിത്സ ലഭ്യമാക്കിയത്. തുടർചികിത്സയിൽ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ഇദ്ദേഹത്തിനൊരു വീട് നിർമിച്ചു നൽകണമെന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെയും ഷുക്കൂറിന്റെ സുഹൃത്തുക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചു.
ഹോപ് ബഹ്റൈൻ നൽകിയ 3.25 ലക്ഷം രൂപയും ബഹ്റൈനിലെ സഹായമനസ്കരായ വ്യക്തികളും ഫ്രൈഡേ ഫ്രണ്ട്സ്, ഐ.സി.ആർ.എഫ് തുടങ്ങിയ സംഘടനകളും കൈകോർത്ത് നാല് സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണി ആരംഭിച്ചത്. പി.എം.സി മൊയ്തു ഹാജിയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തീകരിച്ചത്. തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ഉൾപ്പെടെ ടി.എം.ഡബ്ല്യുവിന്റെ വിവിധ പ്രവാസി സംഘടനകളും മറ്റു സന്നദ്ധ സംഘടനകളും വീട് നിർമാണത്തിൽ സഹകരിച്ചു.
ആഗസ്റ്റ് 21 ബുധനാഴ്ച മൊയ്തു ഹാജി വീടിന്റെ താക്കോൽ ഷുക്കൂറിന് കൈമാറി. ഷബീർ മാഹി, നിസാർ ഉസ്മാൻ, എം.കെ. അഫ്സൽ, ഹമീദ്, സിബിൻ സലിം, സാബു ചിറമേൽ, നൗഷാദ്, ഹസീബ്, സക്കീർ, അഫ്സൽ ഒസായി, അഷ്കർ പൂഴിത്തല, മഹ്മൂദ്, അഷ്റഫ് തുടങ്ങിയവർ ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.