കേരള ബജറ്റ്; അനുകൂലിച്ചും പ്രതികൂലിച്ചും പ്രവാസി സംഘടനകൾ
text_fieldsപ്രവാസികളെ പൂർണമായും അവഗണിച്ചു -ഒ.ഐ.സി.സി
പുതിയ ഐ.ടി പാർക്കുകൾ നടപ്പാക്കും എന്ന നിർദേശത്തിൽ പ്രവാസികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തണം
മനാമ: പ്രവാസികളടക്കം എല്ല ജനവിഭാഗങ്ങളെയും പൂർണമായും നിരാശരാക്കുന്നതാണ് സംസ്ഥാന ബജറ്റ് എന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പുറത്തിറക്കിയ പ്രകടനപത്രികയിൽ പ്രവാസികൾക്ക് ഉൾപ്പെടെ പ്രഖ്യാപിച്ച ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനമൊന്നും ഇല്ല. സ്വകാര്യ മേഖലയിൽ പുതിയ ഐ.ടി പാർക്കുകൾ നടപ്പാക്കും എന്ന ബജറ്റ് നിർദേശത്തിൽ പ്രവാസികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തണം.
ഇരുചക്ര വാഹനങ്ങൾക്കും രണ്ടു ലക്ഷം വരെ വില വരുന്ന വാഹനങ്ങൾക്കും നികുതി വർധിപ്പിച്ചത് സാധാരണക്കാരോടും പാവങ്ങളോമുള്ള ക്രൂരതയാണ്. സ്ഥിരമായി ജോലിക്ക് പോകുന്നവർ യാത്രച്ചെലവ് ലാഭിക്കാനാണ് ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നത്. അങ്ങനെയുള്ളവർക്ക് സബ്സിഡി നിരക്കിൽ വാഹനം നൽകുന്നതിനു പകരം നികുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് ബുദ്ധിമുട്ടിക്കുകയാണ്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് 50 ശതമാനം ഹരിതനികുതി വർധിപ്പിക്കാൻ എടുത്ത തീരുമാനം പ്രതിഷേധാർഹമാണ്.
പ്രളയകാലം കഴിഞ്ഞതു മുതൽ റീബിൽഡ് കേരള എന്ന് പറഞ്ഞുകൊണ്ട് ഓരോ വർഷവും ബജറ്റിൽ തുക വകയിരുത്തുന്നുണ്ട്.കഴിഞ്ഞ വർഷം 14 ശതമാനം മാത്രമാണ് ചെലവാക്കിയത്. പ്രധാന പട്ടണങ്ങളിൽ ആറു സ്ഥലങ്ങളിൽ ബൈപാസ് നിർമിക്കാൻ വകയിരുത്തിയ 200 കോടി രൂപ ഒരെണ്ണത്തിനു പോലും തികയില്ല. വിദേശങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കാൻ ശ്രമിക്കുന്ന സർക്കാർ അതിനുപകരം അങ്ങനെയുള്ള കുട്ടികൾക്ക് വിദേശങ്ങളിലെ ഫീസിന് നമ്മുടെ സംസ്ഥാനത്ത് പഠിക്കാനുള്ള അവസരമാണ് ഉണ്ടാക്കേണ്ടത്. ആഗോള സമാധാന സമ്മേളനത്തിന് രണ്ടുകോടി രൂപ വകയിരുത്തിയ ധനമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് മയക്കുമരുന്ന്, ഗുണ്ട ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് വേണ്ട പദ്ധതികളാണ് ഉൾപ്പെടുത്തേണ്ടത്.
അംഗൻവാടി കുട്ടികളുടെ മെനുവിൽ രണ്ടു ദിവസം പാലും, രണ്ടു ദിവസം മുട്ടയും നൽകുന്ന പദ്ധതി സ്വാഗതം ചെയ്യുന്നു. ആ പദ്ധതി അംഗൻവാടി കുട്ടികൾക്ക് ഒപ്പം എൽ.പി സ്കൂൾ കുട്ടികൾക്ക് കൂടി ലഭ്യമാക്കണം. ഈ പദ്ധതിക്ക് ആവശ്യമായ മുട്ടയും പാലും ഉൽപാദിപ്പിക്കാൻ വേണ്ട ചുമതല കുടുംബശ്രീകളെ ഏൽപ്പിച്ചാൽ അനേകം സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്താം.
നേതാക്കൾക്ക് സ്മാരകം നിർമിക്കാൻ ഫണ്ട് കണ്ടെത്തുന്ന സർക്കാർ സംസ്ഥാനത്തിെന്റ നട്ടെല്ലാണ് പ്രവാസികൾ എന്ന് പറയുകയും ബജറ്റിൽ അവഗണിക്കുകയും ചെയ്യുന്നത് വഞ്ചനപരമാണെന്നും ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു.
വികസനോന്മുഖ ബജറ്റ് -ബഹ്റൈൻ പ്രതിഭ
മനാമ: സാമ്പത്തിക വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനവും മുന്‍നിര്‍ത്തി ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റാണെന്ന് ബഹ്റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലക്ക് 2546 കോടി, ട്രാൻസ്ജെൻഡേഴ്സ് മഴവിൽപദ്ധതിക്ക് അഞ്ച് കോടി, ഇടമലക്കുടി സമഗ്ര വികസന പാക്കേജിന് 15 കോടി, പ്രവാസി കാര്യത്തിന് 147.56 കോടി, കാരുണ്യ പദ്ധതിക്ക് 500 കോടി, ലൈഫ് മിഷന് 1871.82 കോടി, ഭക്ഷ്യ സുരക്ഷക്ക് 2000 കോടി, കേരള ബാങ്ക് വഴി നാല് ശതമാനം പലിശയോടെ പരമാവധി അഞ്ച് ലക്ഷം രൂപ വരെ കാർഷിക വായ്പ എന്നിങ്ങനെ ജീവിതത്തിന്റെ സർവമേഖലയെയും മുന്നിൽ കണ്ട് പ്രതിസന്ധികളെ മറികടക്കാനുള്ള ഇച്ഛാശക്തിയാണ് ബജറ്റില്‍ പ്രകടമാകുന്നത്.
ദീര്‍ഘവീക്ഷണവും യാഥാർഥ്യബോധവും വികസനോന്മുഖ കാഴ്ചപ്പാടും ബജറ്റില്‍ തെളിഞ്ഞുകാണാം. കാര്‍ഷിക മേഖലയില്‍ ഉൽപാദനക്ഷമത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹമാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം എന്നിവക്ക് പ്രത്യേക ഊന്നല്‍നല്‍കിയിട്ടുണ്ട്. കേരളീയരുടെ ജീവിതനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ഉറച്ചനിലപാട് ഉയർത്തിപ്പിടിക്കുന്ന പിണറായി സർക്കാറിന്റെ രണ്ടാം സമ്പൂർണ ബജറ്റിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി പ്രതിഭ ആക്ടിങ് ജനറൽ സെക്രട്ടറി പ്രജിൽ മണിയൂർ, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ സംയുക്ത പത്രപ്രസ്താവനയിൽ പറഞ്ഞു.
പൊള്ളത്തരം, പ്രവാസികളെ അവഗണിച്ചു -കെ.എം.സി.സി
മനാമ: സംസ്ഥാന ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്നും പ്രവാസലോകത്തെ അവഗണിച്ചെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കടക്കെണിയലേക്ക് വീണ കേരളത്തെ കരകയറ്റുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കമ്പനികള്‍ കൈയടക്കിവെച്ച സ്ഥലങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിപ്പിച്ച്, സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വരുമാനം കൂട്ടാനുള്ള വഴിയുണ്ടായിരുന്നെങ്കിലും അതൊന്നും പരിഗണിക്കാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ 32 ശതമാനം പങ്കും സംഭാവന ചെയ്യുന്നത് പ്രവാസികളാണ്. എന്നാല്‍, പ്രവാസികളുടെ ക്ഷേമത്തിനുള്ള പദ്ധതികളൊന്നും ബജറ്റിലുണ്ടായില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പെന്ഷന് വര്‍ധന ഇതുവരെ നടപ്പാക്കാത്ത സര്‍ക്കാര്‍ ബജറ്റിലൂടെ പ്രവാസികളെ വഞ്ചിക്കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.
ദീർഘവീക്ഷണമുള്ള ബജറ്റ് -ബഹ്റൈൻ ഐ.എം.സി.സി
മനാമ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ 2022-2023 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് ദീർഘവീക്ഷണമുള്ളതും കേരളീയരെ മുഴുവൻ ചേർത്തുപിടിക്കുന്നതുമാണെന്ന് ബഹ്റൈൻ ഐ.എം.സി.സി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നതും സമഗ്ര സ്വഭാവം ഉള്ളതുമാണ്. ലോക സമാധാനത്തിനായി രണ്ട് കോടി വകയിരുത്തിയതും നോർക്കയെ ശക്തിപ്പെടുത്താൻ തുക നീക്കിവെച്ചതും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽനൽകുന്നതും സ്വാഗതാർഹമാണ്.
യുക്രെയ്നിൽനിന്നും തിരിച്ചുവന്ന വിദ്യാർഥികളുടെ കാര്യത്തിൽ നോർക്ക വഴി സർക്കാർ നടത്തിയ ഇടപെടലിനെയും അവർക്കായി ബജറ്റിൽ തുക വകയിരുത്തിയതും അവരുടെ തുടർപഠനത്തിന് പ്രാമുഖ്യം നൽകുന്നതും സമാനതകളില്ലാത്ത കരുതലാണെന്നും ഐ.എം.സി.സി അഭിപ്രായപ്പെട്ടു. നോർക്ക പ്രവർത്തനത്തിനും മുൻ പ്രവാസി പുനരധിവാസത്തിനും ചികിത്സ സഹായത്തിനും നോർക്ക വെൽഫെയർ ഫണ്ടിനും മറ്റുമായി 250 കോടി രൂപ വകയിരുത്തിയത് പ്രവാസി സമൂഹത്തിനു വലിയ ആശ്വാസമാണെന്നും ബഹ്റൈൻ ഐ.എം.സി.സി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.