സുമനസ്സുകളുടെ സഹായം തേടി പ്രവാസി
text_fieldsമനാമ: കോണിപ്പടിയിൽനിന്നുവീണ് കാലിനും നട്ടെല്ലിനും ക്ഷതമേറ്റ് ഗുരുതരാവസ്ഥയിലായ പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നു. വലിയൊരു കുടുംബത്തിന്റെ ഏക ആശ്രയമായ കാസർകോട് മഞ്ചേശ്വരം വൊർക്കാടി സ്വദേശി അബ്ബാസ് (46) സാമൂഹിക പ്രവർത്തകരുടെ സഹായത്തിലാണ് ഇപ്പോൾ കഴിയുന്നത്.സൽമാനിയ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും വിസ ഇല്ലാത്തതിനാൽ മൂന്നുദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. നടക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഹിലാൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
എന്നാൽ, അവിടെ കിടത്തി ചികിത്സിക്കുക എന്നത് വലിയ സാമ്പത്തിക ഭാരമായതിനാൽ കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് ഉദുമ മണ്ഡലം ഭാരവാഹി അച്ചു പൊവ്വലിന്റെ റൂമിലേക്കുമാറ്റി ആവശ്യമായ പരിചരണം നൽകിവരുകയാണ്. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രവർത്തകരും സാമൂഹിക പ്രവർത്തകരായ ഷാഫി പറക്കട്ട, അഷ്റഫ് മഞ്ചേശ്വരം എന്നിവരും എല്ലാ സഹായങ്ങളുമായി കൂടെയുണ്ട്. വിവാഹ പ്രായമെത്തിനിൽക്കുന്ന മകൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ സാമ്പത്തിക ഭാരവും ഇദ്ദേഹത്തിന് മുന്നിലുണ്ട്. കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കാൻ സാധിക്കാത്ത വിഷമഘട്ടത്തിലും തന്റെ കുടുംബത്തിന്റെ ദൈന്യതയും പ്രവാസം ബാക്കി വെച്ച കടങ്ങളുമോർത്ത് കണ്ണീർ പൊഴിക്കുകയാണ് അബ്ബാസ്.
ഭാര്യ വീട്ടിലിരുന്ന് ബീഡിതെറുത്ത് കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആശ്രയം. അപകടം സംഭവിക്കുന്നതിനുമുമ്പ് ജോലി ചെയ്ത കമ്പനിയിൽനിന്ന് മൂന്നു മാസത്തെ ശമ്പളം കുടിശ്ശികയാണ്. എല്ലാ രീതിയിലും ദുരിതത്തിലായ അബ്ബാസിനെ നാട്ടിലയക്കാൻ തന്നെ വലിയ സാമ്പത്തിക ചെലവ് വരും. നാട്ടിലേക്കുള്ള യാത്രക്കും തുടർ ചികിത്സക്കുമായി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുൻകൈയെടുത്ത് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് 33629896, 38712540, 35029799, 37375374 ഈ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.