പ്രവാസികളുടെ വർക്ക് പെർമിറ്റ്; രണ്ടുവർഷമായി പരിമിതപ്പെടുത്താൻ നിർദേശം
text_fieldsമനാമ: സാങ്കേതികവും ഭരണപരവുമായ തൊഴിൽ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വർക്ക് പെർമിറ്റ് കാലാവധി രണ്ടുവർഷമായി കുറക്കണമെന്ന നിർദേശവുമായി എം.പി. പാർലമെന്റ് അംഗം മുനീർ സുറൂറാണ് ബഹ്റൈനിലെ തൊഴിൽ നിയമത്തിൽ ഭേദഗതി വേണമെന്ന നിർദേശവുമായി രംഗത്തുള്ളത്.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമത്തിൽ ഇത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഈ തൊഴിലുകൾക്കുള്ള വർക്ക് പെർമിറ്റുകളെ രണ്ട് വർഷത്തേക്കായി പരിമിതപ്പെടുത്തണം. മാത്രമല്ല ഈ പെർമിറ്റുകൾ ഒരിക്കൽ മാത്രമേ പുതുക്കി നൽകാവൂ എന്നും അദ്ദേഹം നിർദേശിക്കുന്നു.
പ്രവാസി തൊഴിലാളികൾ അനാവശ്യമായി രാജ്യത്ത് ദീർഘകാലം താമസിക്കുന്നത് തടയാൻ ഇത് സഹായിക്കും. തൊഴിൽ തേടുന്ന ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും എം.പി ചൂണ്ടിക്കാട്ടുന്നു. ഫ്ലെക്സിബിൾ വർക്ക് പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാറിന്റെ സമീപകാല തീരുമാനവുമായി ഈ നിർദേശം യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനും വിദേശ തൊഴിലാളികളുടെ കടന്നുകയറ്റം തടയാനുമുള്ള ദേശീയ ശ്രമങ്ങളെ ഈ ഭേദഗതി പിന്തുണക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിർദിഷ്ട ഭേദഗതി പാർലമെന്റിന്റെ പരിഗണനക്കും ചർച്ചകൾക്കും ശേഷമായിരിക്കും നടപ്പാക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.