സർക്കാറിന് നൽകാനുള്ള തുക അടച്ചാലേ പ്രവാസികളെ രാജ്യംവിടാൻ അനുവദിക്കൂ
text_fieldsമനാമ: പ്രവാസികൾക്കിനി ബഹ്റൈനിൽനിന്ന് പുറത്തുപോകണമെങ്കിൽ സർക്കാറിലേക്ക് അടക്കാനുള്ള എല്ലാ ബില്ലുകളും തുകയും അടക്കേണ്ടിവരും. ഈ നിർദേശം സാമ്പത്തിക, ധന സന്തുലന കാര്യങ്ങൾക്കായുള്ള കാബിനറ്റിന്റെ മന്ത്രിതല സമിതി അംഗീകരിച്ചതായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മിനിസ്ട്രി മുനിസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ കാപിറ്റൽ ട്രസ്റ്റി ബോർഡിനെ അറിയിച്ചു.
14 മാസം മുമ്പ് സമർപ്പിച്ചിരുന്നതാണ് ഈ നിർദേശം. നടപ്പാക്കുന്നതിന്റെ പ്രായോഗികത സംബന്ധിച്ച് പഠനങ്ങൾ ആവശ്യമായതിനാലാണ് അംഗീകാരത്തിന് സമയമെടുത്തത്. മുനിസിപ്പൽ, യൂട്ടിലിറ്റി ബില്ലുകൾ അടക്കം എല്ലാം ഇപ്പോൾ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുമായും സർക്കാർ സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് പ്രവാസികൾ രാജ്യം വിടാൻ ഉദ്ദേശിക്കുമ്പോഴോ, വിസ പുതുക്കുമ്പോഴോ അല്ലെങ്കിൽ അവരുടെ താമസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സർക്കാർ സേവനങ്ങൾ തേടുമ്പോഴോ, കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. ഈ കുടിശ്ശിക തീർത്താലേ അവർക്ക് ഈ സേവനങ്ങൾ ലഭിക്കൂ. കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റിയുടെ കണക്കനുസരിച്ച്, പ്രവാസികൾ സർക്കാറിലേക്ക് അടക്കേണ്ട കുടിശ്ശിക 4.1 ദശലക്ഷം ദീനാർ ആയിട്ടുണ്ട്.
നിലവിൽ, കമ്യൂണിറ്റി സൊസൈറ്റികൾ, ക്ലബുകൾ, ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ മാത്രമേ സർക്കാറിന് പണമൊന്നും നൽകാനില്ല എന്ന് തെളിയിക്കുന്ന രേഖകൾ നൽകേണ്ടതുള്ളൂ.
ഒരു പ്രവാസി ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴിയോ കിങ് ഫഹദ് കോസ്വേ വഴിയോ ഖലീഫ തുറമുഖം വഴിയോ രാജ്യം വിടാൻ ശ്രമിക്കുമ്പോഴെല്ലാം പുതിയ ലിങ്കിങ് സംവിധാനം വഴി അവർ കുടിശ്ശിക വരുത്തിയിട്ടുണ്ടോ എന്നറിയാൻ സാധിക്കും. പുതിയ സ്മാർട്ട് സിസ്റ്റം വഴി പാസ്പോർട്ട് നമ്പറോ സി.പി.ആറോ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയാൻ സാധിക്കുമെന്ന് ബോർഡ് വൈസ് ചെയർപേഴ്സൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.
പ്രവാസികൾക്ക് യാത്രടിക്കറ്റ് നൽകുന്നതിനുമുമ്പ്, സർക്കാർ കുടിശ്ശിക സംബന്ധിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇലക്ട്രോണിക് ഡോക്യുമെന്റോ ആവശ്യപ്പെടാൻ ട്രാവൽ ഏജന്റുമാർക്കും ഓൺലൈൻ ടിക്കറ്റ് ദാതാക്കൾക്കും നിർദേശം നൽകണമെന്നും അവർ പറഞ്ഞു.
നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ബഹ്റൈനിലേക്ക് വീണ്ടും മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് ഭാഗികമായി കുടിശ്ശിക അടക്കാനുള്ള അവസരം നൽകാവുന്നതാണ്. പക്ഷേ, അവരുടെ സ്പോൺസർ ബാക്കി തുകക്ക് ഗാരന്റി നിൽക്കേണ്ടിവരുമെന്നും ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.