പ്രവാസിയുടെ വഴികാട്ടി; തൊഴിലാളിയുടെ കൈപ്പുസ്തകത്തിന് പത്തുവയസ്സ്
text_fieldsമനാമ: ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് പ്രവാസി സമൂഹത്തിന് മറ്റെവിടെയും കിട്ടാത്ത അറിവ് പകരുന്ന അഡ്വ. വി.കെ. തോമസ് രചിച്ച ‘തൊഴിലാളിയുടെ കൈപ്പുസ്തക’ത്തിന് പത്തുവയസ്സ് തികയുന്നു.
2014 ഏപ്രിൽ 26ന് അന്നത്തെ ഇന്ത്യൻ അംബാസഡർ ഡോ. മോഹൻകുമാറാണ് പുസ്തകം പ്രകാശനം ചെയ്തത്. വർഷങ്ങളായി അഡ്വ. വി.കെ. തോമസ് ഗൾഫ് മാധ്യമത്തിൽ കൈകാര്യം ചെയ്യുന്ന ചോദ്യോത്തര പംക്തിയായ ‘ഹെൽപ് ഡെസ്ക്’ ആണ് തൊഴിലാളിയുടെ കൈപ്പുസ്തകം എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്.
മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലും പ്രസിദ്ധീകരിച്ച കൈപ്പുസ്തകം ഇന്ത്യൻ എംബസി മുഖാന്തരവും അസോസിയേഷനുകൾ വഴിയും തൊഴിലാളികളുടെ ഇടയിലും സൗജന്യമായാണ് വിതരണം ചെയ്തത്. ബഹ്റൈനിൽ തൊഴിൽ തേടിയെത്തുന്ന പ്രവാസി അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പുസ്തകത്തിൽ ലളിതമായി പ്രതിപാദിച്ചിരുന്നത്.
ലേബർ മാർക്കറ്റിങ് റഗുലേറ്ററി അതോറിറ്റി എൽ.എം. ആർ.എ, വിസ സംബന്ധിച്ച നിയമങ്ങൾ, വ്യവസ്ഥകൾ, എമിഗ്രേഷൻ എന്നിവക്കു പുറമെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഇൻഷുറൻസ്, പിരിഞ്ഞുപോകുമ്പോൾ ലഭിക്കേണ്ട ഇൻഡമിനിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സവിസ്തരം പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു.
അജ്ഞത മൂലം ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയരായിരുന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമായിരുന്നു കൈപ്പുസ്തകം. പുസ്തകം പരമാവധി തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഐ.സി. ആർ.എഫ് വളന്റിയർമാർ തൊഴിലാളികൾക്ക് വിശദീകരിച്ച് കൊടുക്കണമെന്നും പ്രകാശനവേളയിൽ ഇന്ത്യൻ അംബാസഡർ നിർദേശിച്ചിരുന്നു.
നിയമങ്ങളെപ്പറ്റി അറിവ് ലഭിച്ചതോടെ തൊഴിലാളികളുടേയും ജീവനക്കാരുടേയും അലച്ചിലിനും മനോവിഷമങ്ങൾക്കും വലിയതോതിൽ കുറവുവന്നു. വിസ സംബന്ധമായതും മറ്റ് നിയമക്കുരുക്കുകളിലും പെടുമ്പോൾ എങ്ങനെ പരിഹാരം ലഭിക്കുമെന്ന ആശങ്കക്കും ഉത്തരമായിരുന്നു ഗൾഫ്മാധ്യമം ഹെൽപ് ഡെസ്ക്. കാലാകാലങ്ങളിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് സംശയങ്ങൾക്ക് മറുപടി നൽകുന്ന ഹെൽപ് ഡെസ്ക് പംക്തി എല്ലാ ശനിയാഴ്ചകളിലുമാണ് പ്രസിദ്ധീകരിക്കുന്നത്. നിയമങ്ങളിൽ വന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി പുസ്തകത്തിന്റെ പുതിയ പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കും.
അഡ്വ. വി.കെ. തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.