കടക്കെണിയും രോഗവും; ദുരിതക്കടലിലായ മലയാളി പ്രവാസി നാടണഞ്ഞു
text_fieldsപ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ
തിരുനിലത്തിന്റെ നേതൃത്വത്തിൽ മണിപ്രസാദിനെ യാത്രയാക്കുന്നു
മനാമ: ഗുരുതര ആരോഗ്യപ്രശ്നങ്ങളും കടക്കെണിയും മൂലം ദുരിതത്തിലായ മലയാളി പ്രവാസി നാടണഞ്ഞു. രോഗത്തിനു പുറമേ, യാത്രാവിലക്കും കടബാധ്യതകളും മൂലം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഏറെനാൾ പ്രതിസന്ധിയിലായിരുന്ന കാസർകോട് അടുക്കടുക്കം സ്വദേശി മണിപ്രസാദാണ് (42) പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ ഇടപെടലുകളിലൂടെ നാടണഞ്ഞത്. കോവിഡ് മഹാമാരിയാണ് മണിപ്രസാദിന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്തത്.
നാട്ടിൽ സഹകരണ ബാങ്കുകളിൽനിന്നടക്കമെടുത്ത വായ്പയുമായാണ് മണിപ്രസാദ് ബഹ്റൈനിൽ ബിസിനസ് തുടങ്ങിയത്. എന്നാൽ, അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് എല്ലാ സ്വപ്നങ്ങളും തകർത്തു. ബിസിനസ് തകരുകയും കടക്കെണിയിലാകുകയും ചെയ്തു. ഏകദേശം 1.5 കോടി രൂപയുടെ നഷ്ടമുണ്ടായി. കടുത്ത മനഃപ്രയാസത്തിനൊപ്പം ആരോഗ്യവും ക്ഷയിച്ചു. ഗുരുതരമായ ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് സൽമാനിയ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയത്തോടൊപ്പം കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളും തകരാറിലായി. കാലിൽ പഴുപ്പ് ബാധിച്ചു. എന്നാൽ, ഇനി ഇവിടെ ചികിത്സയൊന്നും ചെയ്യാനില്ലെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാനും ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. നാട്ടിലെത്തിക്കാനുള്ള ചെലവും യാത്രാവിലക്കും നിലനിന്നതിനാൽ ബന്ധുക്കൾ നിസ്സഹായരായിരുന്നു. സ്വകാര്യവ്യക്തി നൽകിയ ഹരജിയെത്തുടർന്നാണ് മണിപ്രസാദിന് യാത്രാവിലക്കേർപ്പെടുത്തിയിരുന്നത്.
വിഷയത്തിൽ നിയമസാധുതകൾ തേടിയ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിലെ സംഘം നിയമ ഉപദേശകനായ അഡ്വ. താരിഖ് മുഖേന കേസ് വാദിക്കുകയും യാത്രാവിലക്ക് ഇല്ലാതാക്കുകയുമായിരുന്നു. ദുരിതക്കയത്തിലകപ്പെട്ട മണിപ്രസാദിന് താങ്ങായി നിരവധി സംഘടനകളും വ്യക്തികളും രംഗത്തുണ്ടായിരുന്നു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ്. കെ. ജേക്കബ്, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ, കാരുണ്യ കൂട്ടായ്മ ഹോപ് ബഹ്റൈൻ, പ്രതിഭ ബഹ്റൈൻ, നിതിൻ, രാജീവ് വെള്ളികോത്തു, അലി ഫഖിഹി തുടങ്ങിയവരുടെ പിന്തുണയും യാത്ര സുഗമമാക്കി.
പി.എൽ.സി വർക്കിങ് കമ്മിറ്റി അംഗം സാബു ചിറമ്മൽ, ഹോപ് ബഹ്റൈൻ ടീം അംഗങ്ങളായ അസ്കർ പൂഴിത്തല, ഫൈസൽ പട്ടാമ്പി, പി.എൽ.സി ഗവേണിങ് കൗൺസിൽ അംഗങ്ങളായ രാജി ഉണ്ണിക്കൃഷ്ണൻ, സ്പന്ദന കിഷോർ എന്നിവരൊടൊപ്പം കിംസ് ഹോസ്പിറ്റലിലെ ഡോ. ജൂലിയൻ സൽമാനിയയിലെ മറ്റു ഡോക്ടർമാരും ജീവനക്കാരും കിംസ് ആശുപത്രിയിലെ മെഡിക്കൽ ടീമും ആംബുലൻസ് ടീമും മണിപ്രസാദിന്റെ പരിചരണത്തിൽ ശ്രദ്ധ ചെലുത്തി. എയർ ഇന്ത്യ ബഹ്റൈൻ ടീമും, ബഹ്റൈൻ ട്രാവൽ ടൂർ ലെ അബ്ദുൾ സഹീറും യാത്രസുഗമമാക്കാനുള്ള സഹായങ്ങൾ ചെയ്തു. പ്രായമായ മാതാപിതാക്കളും, രണ്ടു കൊച്ചുകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബം ഇപ്പോൾ കഴിയുന്നത് സുമനസ്സുകളുടെ സഹായത്താലാണ്. ദുരിത സമയത്ത് കൂട്ടായി നിന്ന എല്ലാവർക്കും നന്ദി അറിയിച്ചാണ് മണിപ്രസാദ് നാട്ടിലേക്കുമടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.