പ്രവാസികൾക്ക് വ്യവസായ പാർക്കുകൾ ആരംഭിക്കണം -ഫ്രാൻസിസ് കൈതാരത്ത്
text_fieldsമനാമ: ഡ്രീം കേരള പദ്ധതിയിലുൾപ്പെടുത്തി മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ സർക്കാർ വക സ്ഥലം കണ്ടെത്തി പ്രവാസി ഫ്രീസോൺ, ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കണമെന്ന് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ലോക കേരളസഭയിൽ ആവശ്യപ്പെട്ടു. ഇതുൾപ്പെടെ പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചും പരിഹാരം തേടിയും അദ്ദേഹം കേരള ചീഫ് സെക്രട്ടറി വി.പി. ജോയ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, എ.എ. റഹീം എം.പി, ബിനോയ് വിശ്വം എം.പി, ജോൺ ബ്രിട്ടാസ് എം.പി, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തു.
വ്യവസായ പാർക്കുകളിൽ ഏകജാലക സംവിധാനത്തിലൂടെ പ്രവാസികൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാനും അവരുടെ പ്രവൃത്തിപരിചയം നാടിന് മുതൽക്കൂട്ടാകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും നടപടിയുണ്ടാകണം. ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംരംഭക അദാലത്തുകൾ സംഘടിപ്പിച്ച് അവർക്ക് ആവശ്യമായ ക്ലിയറൻസുകൾ ലഭ്യമാക്കി ചെറുകിട വ്യവസായങ്ങളെ ആകർഷിക്കണം.
മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പംനിന്ന് പഠനം തുടരുന്നതിന് ഉതകുന്ന വിധത്തിൽ ഗൾഫ് രാജ്യങ്ങളിൽ യൂനിവേഴ്സിറ്റി കോളജുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധി പെൻഷൻ നിലവിലെ 3500 രൂപ എന്നുള്ളത് വിവിധ സ്ലാബുകളിലായി 35,000 രൂപ വരെ കിട്ടുന്ന വിധത്തിൽ വിപുലീകരിക്കണമെന്നാണ് മറ്റൊരാവശ്യം. 350 രൂപ മുതൽ 3500 രൂപവരെ പ്രതിമാസ നിക്ഷേപം ക്രമീകരിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി എടുത്തുകളയണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽനിന്ന് യൂറോപ്പിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകുന്നവർ ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർലൈൻസുകളെ ആശ്രയിക്കുന്നുണ്ട്. ഇതുമൂലം ഈ റൂട്ടിലുള്ള തിരക്ക് ഒരുകാലത്തും കുറയുന്നില്ല എന്നത് ഗൗരവമായി പരിഗണിച്ച് കേരളത്തിൽനിന്ന് യൂറോപ്പിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കാനുള്ള സാധ്യത കണ്ടെത്തണം. ടൂറിസം മേഖലയുടെ ഉയിർത്തെഴുന്നേൽപിന് ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക കേരള സഭയുടെ സിറ്റിങ് രണ്ടു ദിവസത്തിനു പകരം ഏഴു ദിവസമാക്കി വർധിപ്പിച്ച് കൂടുതൽ ക്രിയാത്മകമായ ചർച്ചകൾക്കും നടപടികൾക്കും വഴിയൊരുക്കണം. ഓൺലൈൻ വഴി എല്ലാമാസവും തുടർചർച്ചകളും ഉണ്ടാകണം. ലോകമെമ്പാടുമുള്ള മലയാളി സംഘടനകളെ ഏകോപിപ്പിക്കാൻ കോഓഡിനേഷൻ കമ്മിറ്റി നിലവിൽവരണമെന്നും ഫ്രാൻസിസ് കൈതാരത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.