പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താൻ ധാരണ
text_fieldsമനാമ: പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താൻ ധാരണ. നിർദേശം ചൊവ്വാഴ്ച ചർച്ചക്ക് വെക്കുകയും വോട്ടിനിടുകയും ചെയ്യും. വിഷയവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ ഉന്നയിച്ച കരട് നിരവധി പുനരവലോകനങ്ങൾക്ക് വിധേയമായി. ശേഷം 2024 ജനുവരിയിലാണ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകിയത്.
നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടിരുന്നു. എന്നാൽ ശൂറ കൗൺസിൽ എതിർത്ത നിർദേശം നികുതി നടപ്പാക്കിയില്ലെങ്കിൽ രാജ്യത്തെ സ്ഥിരതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വോട്ടിനിടുന്നത്. അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നത് തിരിച്ചടിയാകുമെന്നും ഇത് അനധികൃത കൈമാറ്റങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കലിനും ഇടയാക്കാൻ സാധ്യതയുണ്ടെന്നും ശൂറ കൗൺസിൽ സാമ്പത്തിക കാര്യ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഈ ആശങ്കകൾ നിലനിൽക്കുമ്പോഴും പാർലമെന്റ് ബിൽ പാസാക്കാനുള്ള തീരുമാനത്തിലാണ്.
ഒരു പ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകക്ക് രണ്ട് ശതമാനം ലെവി ചുമത്താനാണ് നീക്കം. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടിരുന്നത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ലെവിയെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
പണ കൈമാറ്റ സ്വാതന്ത്ര്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും ഉടമ്പടികളിലും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാനാവില്ലെന്നും സർക്കാർ എം.പിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. നികുതി നീക്കം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സാമ്പത്തിക, വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്.
നികുതി നിയമവിരുദ്ധമായ ട്രാൻസ്ഫർ ചാനലുകളുടെ ആവിർഭാവത്തിന് കാരണമാകും. നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്പോൺസർമാർ അടക്കാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നും ഇത് ബിസിനസുകാരുടെ സാമ്പത്തിക ഭാരം കൂട്ടുമെന്നും സർക്കാർ കൂട്ടിച്ചേർത്തു. ബഹ്റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുള്ള പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് ചുവടുമാറാൻ ഇതിടയാക്കുമെന്നും സർക്കാർ വിലയിരുത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.