കവിയും പൊലീസും; ഡോ. ബി. സന്ധ്യയുമായുള്ള മുഖാമുഖം നാളെ
text_fieldsമനാമ: ബഹ്റൈൻ കേരളീയസമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ മുൻ ഡി.ജി.പിയും എഴുത്തുകാരിയുമായ ഡോ. ബി. സന്ധ്യയുമായുള്ള മുഖാമുഖം 24ന് സമാജം ബാബു രാജൻ ഹാളിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡോ. ബി. സന്ധ്യ ഡി.ജി.പി തസ്തികയിലെത്തിയ രണ്ടാമത്തെ വനിതയാണ്.
കേരള പൊലീസ് അക്കാദമി ഡയറക്ടർ, ദക്ഷിണമേഖല, എ.ഡി.ജി.പി, ആംഡ് പൊലീസ് ബറ്റാലിയൻ ഡയറക്ടർ, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഐ.ജി, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടങ്ങിയ നിലകളിലൊക്കെ സേവനമനുഷ്ഠിച്ച് ഫയർഫോഴ്സ് മേധാവിയിരിക്കെ കഴിഞ്ഞ മേയിൽ സർവിസിൽനിന്ന് വിരമിച്ചു. നോവലുകൾ, ബാലസാഹിത്യ കൃതികൾ, കവിതസമാഹാരങ്ങൾ, കഥസമാഹാരം, ലേഖന സമാഹാരം, വൈജ്ഞാനിക സാഹിത്യം എന്നിങ്ങനെ നിരവധി സാഹിത്യകൃതികളുടെ രചയിതാവുകൂടിയാണ്. ഔദ്യോഗികരംഗത്തെ മികവിന് രാഷ്ട്രപതിയുടെ മെറിട്ടോറിയസ് സർവിസ് പൊലീസ് മെഡൽ (2006), ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ പൊലീസിന്റെ വാർഷിക അവാർഡ് (2010), മികച്ച ജില്ല പൊലീസ് അവാർഡ് (1997 തൃശൂർ ജില്ല), രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡൽ (2014) എന്നിവയും സാഹിത്യരംഗത്തെ സംഭാവനകളെ മുൻനിർത്തി ഇടശ്ശേരി അവാർഡ്, അബൂദബി ശക്തി അവാർഡ്, കുഞ്ഞുണ്ണി പുരസ്കാരം, ഇ.വി. കൃഷ്ണപിള്ള സ്മാരക സാഹിത്യപുരസ്കാരം, ഗോപാലകൃഷ്ണൻ കോലഴി സ്മാരകപുരസ്കാരം, പുനലൂർ ബാലൻ പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മുഖാമുഖം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: ഫിറോസ് തിരുവത്ര: 3336 9895, ബിജു.എം സതീഷ്: 36045442 എന്നിവരെ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.