മാക്ഡൊണാൾഡിന്റെ പേരിൽ വ്യാജ പരസ്യം നൽകി തട്ടിപ്പ്
text_fieldsമനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് സ്ഥാപനമായ മാക്ഡൊണാൾഡിന്റെ പേരിൽ സമൂഹമാധ്യമം വഴി പ്രചരിക്കുന്ന വ്യാജ പരസ്യത്തിന്റെ കെണിയിൽപെട്ട് നിരവധിപേർക്ക് പണം നഷ്ടപ്പെട്ടു.
വെള്ളിയാഴ്ചയാണ് കോട്ടയം സ്വദേശി തുഷാരക്ക് 600 ദിനാർ നഷ്ടപ്പെട്ടത്.
ഫേസ്ബുക്ക് വഴി രാവിലെ മാക്ഡൊണാൾഡിന്റെ എല്ലാ വിഭാഗത്തിനും പകുതി വില എന്ന പരസ്യം കണ്ടാണ് തുഷാര ഒന്നര ദിനാർ വില വരുന്ന ഭക്ഷണത്തിന് ഓർഡർ ചെയ്തത്. ഡെബിറ്റ് കാർഡ് വഴിയാണ് പേമെന്റ് നടത്തിയത്.
ഓൺലൈൻ വഴി പേമെന്റ് നടത്തുമ്പോൾ ചോദിച്ച ഒ.ടി.പി നമ്പർ നൽകിയതിനെത്തുടർന്ന് അക്കൗണ്ടിൽനിന്ന് ഉടനെ 600 ദിനാർ പിൻവലിച്ചതായി സന്ദേശം വന്നു.
ഇതോടെ പരസ്യം വ്യാജമാണെന്നും തങ്ങൾ വലിയ തട്ടിപ്പിനിരയായതായും തുഷാര 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് കാർഡ് ബ്ലോക്ക് ചെയ്തു. പണം ബഹ്റൈന് പുറത്ത് ബ്രിട്ടീഷ് പൗണ്ടിലേക്കാണ് ട്രാൻസ്ഫറായത്.
ബാങ്കുമായി ബന്ധപ്പെട്ട് സ്റ്റേറ്റ്മെന്റ് കലക്ട് ചെയ്ത് സൈബർ ക്രൈം ഡിപ്പാർട്മെന്റിൽ പരാതി നൽകാനിരിക്കുകയാണ് തുഷാരയും കുടുംബവും. ഇതിനിടെ തങ്ങളുടെ ലോഗോയും ഭക്ഷണവിഭാഗങ്ങളുടെ ഫോട്ടോയും ഉപയോഗപ്പെടുത്തി സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജ പരസ്യങ്ങളിൽ ഉപഭോക്താക്കൾ വീണുപോകരുതെന്നും മാക്ഡൊണാൾഡ് ടീംസ് അറിയിച്ചു. കൂടാതെ ഇത്തരം വ്യാജ പരസ്യങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്ന് സമൂഹമാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടതായി മാനേജ്മെന്റ് അറിയിച്ചു. അടുത്തകാലത്തായി സമൂഹമാധ്യമങ്ങൾ വഴി നിരവധി ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്പനികളിൽ ലാപ്ടോപ്, കാമറ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുമെന്ന ആകർഷകമായ പരസ്യങ്ങളിൽപെട്ട് നിരവധിപേർക്ക് ചെറുതും വലുതുമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതത് സൈറ്റുകളുടെ കമന്റ് ബോക്സ് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത്തരം കെണികളിൽ പെടാതിരിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.