ഫാർമേഴ്സ് മാർക്കറ്റ് പതിനൊന്നാമത് എഡിഷൻ 23 മുതൽ
text_fieldsമനാമ: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ പതിനൊന്നാമത് എഡിഷൻ 23ന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് അറിയിച്ചു. രാജ്യത്തെ കർഷകരും കരകൗശല വിദഗ്ധരും വിപണിയിൽ പങ്കെടുക്കും.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കണമെന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾ പാലിച്ചാണ് കാർഷിക വിപണി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച രാജാവിന്റെ മാർഗനിർദേശങ്ങൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ പിന്തുടരുകയാണ്. കാർഷിക മേഖലയിൽ വികസനം കൊണ്ടുവരാനും ഈ മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റും എൻ.ഐ.എ.ഡി അഡ്വൈസറി കൗൺസിൽ ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തെയും മന്ത്രി അഭിനന്ദിച്ചു.
സ്വകാര്യ മേഖലയെ പ്രതിനിധാനംചെയ്ത് വിപണിക്ക് എസ്.ടി.സി ബഹ്റൈൻ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. പ്രിൻസസ് സബീക്കയുടെ മാർഗനിർദേശങ്ങൾ വിപണന പ്ലാറ്റ്ഫോം ഉറപ്പുവരുത്താനും പ്രാദേശിക കാർഷിക ഉൽപാദനത്തെ പിന്തുണക്കാനും സഹായകമാണെന്ന് എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ പറഞ്ഞു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വൈവിധ്യവത്കരിക്കാനും പുതിയ തരം ഉൽപന്നങ്ങൾ അവതരിപ്പിക്കാനും വിപണി സഹായകരമാകുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.