ജഷന്മാൾ ഓഡിറ്റോറിയത്തിലെ നോമ്പുതുറ
text_fieldsപ്രവാസ ഭൂമികയിൽനിന്ന് ഗതകാലങ്ങളിലെ റമദാൻ ഓർത്തെടുക്കുമ്പോൾ മനസ്സ് ഗൃഹാതുരമാവുകയാണ്. ബാല്യകൗമാരങ്ങളിലെ നോമ്പോർമകളെല്ലാം ഹൃദയത്തിൽ നിറയുന്നു. ആകാശവും ഭൂമിയും പുണ്യങ്ങളുടെ പൂക്കാല പെയ്ത്തിനാൽ വസന്തം തീർക്കുന്ന ഒരുമാസം.
ഞങ്ങളുടെ വീടിെൻറ തറയിൽ സിമൻറ് തേക്കാത്തതിനാൽ ഉമ്മ നാളികേരത്തിെൻറ ചകിരി അടുപ്പിൽ ചുട്ടെടുത്ത കരിയും വെള്ളില പുഴുങ്ങിയതും കൂട്ടി കറുപ്പിച്ചു കവുങ്ങിന് പാള മുറിച്ചെടുത്ത് അതുകൊണ്ടാണ് നിലം മിനുസപ്പെടുത്തുന്നത്. ആ ജോലിയിൽ ഏർപ്പെടുമ്പോൾ ഉമ്മ എന്തോ കലാപ്രവൃത്തി ചെയ്യുന്നപോലെ ഞങ്ങൾ മക്കൾ നോക്കിനിൽക്കുമായിരുന്നു.
പ്രവാസത്തിെൻറ യാന്ത്രികതയില് പലതും ഓര്മകളില് മാത്രം ചുരുങ്ങിയിരിക്കുന്നു. സമൂഹ നോമ്പുതുറകളിൽനിന്ന് വെറും രണ്ടുവർഷം കൊണ്ട് നോമ്പുതുറ വീടകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇസാ ടൗൺ ഇന്ത്യൻ സ്കൂളിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ റമദാനിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ വെള്ളിയാഴ്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന വിപുലമായ നോമ്പുതുറയാണ് ഇപ്പോൾ ഒാർമവരുന്നത്. പ്രവാസത്തിെൻറ ഒറ്റപ്പെടലിൽ മലയാളികൾ റമദാനിൽ ഒരുമിച്ചുകൂടി വിശേഷങ്ങൾ പങ്കുവെക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു അത്തരം നോമ്പുതുറകൾ. അന്നത്തെ ദിവസം രാവിലെ മുതൽ കുട്ടികളും വലിയവരും ഉത്സാഹത്തിൽ ആയിരിക്കും.
ജുമുഅ നമസ്കാരവും കഴിഞ്ഞ് സ്കൂളിൽ ഒരുമിച്ചുകൂടി നോമ്പുതുറക്കായുള്ള വിഭവങ്ങൾ ഒരുക്കിത്തുടങ്ങും. പഴങ്ങളും ജ്യൂസും പൊരിവിഭവങ്ങളും ആയിരക്കണക്കിന് സഹോദരങ്ങളുടെ മുന്നിൽ മനോഹരമായും വൃത്തിയായും വിളമ്പി അവരെ സ്വീകരിച്ചിരുത്തി ആതിഥ്യമര്യാദ കാത്തുസൂക്ഷിച്ച് നോമ്പുതുറക്കുശേഷം മഗ്രിബ് നമസ്കാരവും കഴിഞ്ഞ് പ്രധാന ഭക്ഷണവും നൽകി അവരെ യാത്രയാക്കുമ്പോൾ അതിനായി പ്രവർത്തിച്ചവരുടെ മനസ്സിൽ സംതൃപ്തിയും ദൈവസ്തുതിയും നിറഞ്ഞിരിക്കും. ശേഷം സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് കുശലം പറച്ചിലുകളും ഓഡിറ്റോറിയം വൃത്തിയാക്കലും ഒരു ബഹളമയം തന്നെയാകും. എല്ലാം കഴിഞ്ഞ് അവിടെ തന്നെ തറാവീഹ് നമസ്കാരവും നിർവഹിച്ച് പിരിയുമ്പോൾ ചില സുഹൃത്തുക്കൾ സ്നേഹത്തോടെ വിളമ്പിത്തരുന്ന ജീരകക്കഞ്ഞിയും കുടിച്ച് തിരികെ വീട്ടിലെത്തുമ്പോൾ 'ഇനി അടുത്ത വർഷം ആവണ്ടേ ഇങ്ങനെയൊരു നോമ്പ് തുറക്കെന്ന്' പരിഭവം പറയും.
ഈ മഹാമാരിക്കാലത്ത് പ്രവാസലോകത്ത് പലരും കൊതിക്കുന്നുണ്ടാകും; പഴമയുടെ പുതുമ കാത്തുസൂക്ഷിച്ചുകൊണ്ട്, പരസ്പരമുള്ള അസഹിഷ്ണുതയും അകൽച്ചയും ഒഴിവാക്കി സ്നേഹസമ്പുഷ്ടമായ നല്ലൊരു നോമ്പുതുറ.
ഈ രണ്ടു വർഷങ്ങളിലെ റമദാൻ മാസം കോവിഡിനെ നമ്മൾ പ്രതിരോധിക്കുന്ന കാലം കൂടിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ ശക്തിയോടെ അത് നമ്മുടെ രാജ്യത്തെ ഭീതിപ്പെടുത്തുകയാണ്. ഭക്തിയുടെ വിശുദ്ധ മാസത്തിലെ പുണ്യദിനങ്ങളിൽ ലോകത്ത് എങ്ങുമുള്ള കോവിഡ് ബാധിതരെയും ഈ വൈറസിനാൽ ജീവിതം റദ്ദ് ചെയ്യപ്പെട്ട മനുഷ്യരെയും നമ്മൾ ഹൃദയംകൊണ്ട് ചേർത്തുപിടിക്കണം.
അവർക്കുവേണ്ടി തന്നാലാവുന്നത് ചെയ്യുകയും അവർ തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. പശിയടങ്ങാത്ത മനുഷ്യരോട് ഐക്യപ്പെടാനും അവരുടെ വേദനകളിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവം നമുക്ക് നൽകിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെ തിരിച്ചറിയാനും വിശുദ്ധ റമദാൻ നമ്മെ പാകപ്പെടുത്തുന്നുണ്ട്. വിശുദ്ധ വേദഗ്രന്ഥം ഭൂമിക്ക് മേൽ അനുഗ്രഹമായി ഇറങ്ങിയ ഈ വിശുദ്ധിയുടെ രാവുകളിൽ ഖുർആനിലെ സാഗരങ്ങളിൽ സ്നാനം ചെയ്ത് നമ്മൾ വിശുദ്ധരാക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള മികച്ച തുടക്കമാകട്ടെ വിശുദ്ധ റമദാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.