കായിക ദിനത്തിൽ എല്ലാവരും പങ്കാളികളാകണം -ബഹ്റൈൻ മന്ത്രിസഭ യോഗം
text_fieldsമനാമ: ഫെബ്രുവരി 10 ബഹ്റൈൻ കായിക ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അതോറിറ്റികളും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ നിർദേശിച്ചു. ഈദിവസം പ്രവർത്തന സമയം പകുതിയായിരിക്കും. സമൂഹത്തിൽ ശാരീരിക വ്യായാമത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ അവബോധം ശക്തിപ്പെടുത്താനും രോഗമില്ലാത്ത സാമൂഹികാവസ്ഥ സാധ്യമാക്കാനും ഇതുവഴിയൊരുക്കുമെന്ന് കാബിനറ്റ് ചൂണ്ടിക്കാട്ടി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുെന്നന്ന് വിലയിരുത്തി. യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബൂദബി കിരീടാവകാശിയും സായുധ സേന കമാൻഡർ ഇൻചാർജുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മൂന്നു രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളും നടത്തി.
മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ വെല്ലുവിളികൾ നേരിടാനുള്ള സാധ്യതകൾ ചർച്ച ചെയ്തതും സന്ദർശനം കൊണ്ടുണ്ടായ നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. ബഹ്റൈൻ പ്രതിരോധ സേന രൂപവത്കരണത്തിന്റെ 54 ാമത് വാർഷികത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമദ് ആൽ ഖലീഫ, സൈനികർ എന്നിവർക്ക് മന്ത്രിസഭ ആശംസകൾ നേർന്നു. അയൽ രാജ്യങ്ങളുമായുള്ള സൗഹൃദവും സമാധാനപൂർണമായ സഹവർത്തിത്വവുമാണ് ബഹ്റൈന് പുലർത്തിക്കൊണ്ടിരിക്കുന്നതെന്ന ഹമദ് രാജാവിന്റെ നയ നിലപാടിന് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. ബദൽ ശിക്ഷാ നടപടികൾ വ്യാപകമാക്കുന്നതിനും തുറന്ന ജയിലെന്ന സങ്കൽപം സാധ്യമാക്കാനും ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ മന്ത്രിസഭ ശ്ലാഘിച്ചു.
യു.എ.ഇക്കെതിരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് യു.എ.ഇ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ അംഗരാജ്യങ്ങളുടെ വിമാനാപകടങ്ങൾ അന്വേഷിക്കുന്നതിനുള്ള പ്രാദേശിക സഹകരണം സാധ്യമാക്കാനുള്ള ചട്ടക്കൂട് രൂപപ്പെടുത്താനും ബഹുമുഖ സാങ്കേതിക ധാരണപത്രത്തിൽ ഒപ്പുവെക്കാനുമുള്ള ഗതാഗത, വാർത്താവിനിമയ മന്ത്രിയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. ചെറുകിട കപ്പലുകളുടെ ലൈസൻസിങ്ങും രജിസ്ട്രേഷനും സംബന്ധിച്ച് പോയ വർഷം 18,667 സേവനങ്ങൾ നൽകിയതായി ഗതാഗത, വാർത്താ വിനിമയ മന്ത്രി അറിയിച്ചു. കൂടാതെ ജൂൺ മുതൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഓൺലൈനാക്കിയിട്ടുമുണ്ട്. വിവിധ മന്ത്രിമാർ പങ്കെടുത്ത സമ്മേളനങ്ങളുടെയും യോഗങ്ങളുടെയും റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.